അതൊക്കെ വലുതാകുമ്പോ ശെരിയാകും എന്നു നിങ്ങളും പറഞ്ഞിട്ടുണ്ടോ?




ഞെട്ടലോടെ മാത്രമാണ് ഏവരും ആ വാർത്ത കേട്ടത്. ഒന്നര വയസ്സുകാരനായ സ്വന്തം മകനെ അമ്മ കടൽഭിത്തിയിൽ എറിഞ്ഞു കൊന്നു എന്ന മനം മരവിപ്പിക്കുന്ന വാർത്ത. ഇതിപ്പോൾ ഒന്നും രണ്ടുമല്ല, പിഞ്ചുകുഞ്ഞുങ്ങളെയും എന്തിനു സ്വന്തം മക്കളെയും ഉറ്റവരെയും വരെ ഒരു ദാക്ഷിണ്യവും കൂടാതെ കൊല്ലുന്ന വാർത്തകൾ കുറച്ചു വർഷങ്ങൾക്കിടയ്ക്ക് നിരവധിയായിക്കഴിഞ്ഞു. ഞെട്ടലുളവാക്കുന്ന ഇത്തരത്തിലുള്ള വാർത്തകൾ സർവസാധാരണയായി മാറുമ്പോൾ നമ്മൾ ഇതിനെക്കുറിച്ചു  ആഴത്തിൽ ചിന്തിക്കേണ്ടിയിരിക്കുന്നു.

ഒരാൾ അക്രമിയായി മാറുന്നതിനു പിന്നിൽ 
ഒരാൾ അക്രമിയായി മാറുന്നതിനു പിന്നിൽ ഒരുപാട് കാരണങ്ങളുണ്ടാകാം. അതിൽ പ്രധാനപ്പെട്ടവ ഇവയാണ്.

  1. രക്ഷാകർതൃ രീതി (DYSFUNCTIONAL PARENTING)
  2. വളർന്നു വന്ന ചുറ്റുപാട് (ENVIRONMENT INCLUDING PEER GROUP)
  3. ലഹരി വസ്തുക്കൾക്ക് അടിമപ്പെടൽ (SUBSTANCE ABUSE)
  4. മൊബൈൽ മാധ്യമങ്ങളുടെ അതിപ്രസരം (MOBILE ADDICTION)
  5. പാരമ്പര്യമായി കിട്ടുന്ന അക്രമസ്വഭാവം (BIOLOGICAL  FACTORS) 
ഇവ അഞ്ചും ഒരുപാട് വിശദീകരണങ്ങൾ ആവശ്യമുള്ള അതി പ്രാധാന്യമുള്ള ഘടകങ്ങളാണ്. പക്ഷെ ഇതിൽ ഏറ്റവും സാധാരണയായിക്കൊണ്ടിരിക്കുന്നതും അറിവില്ലായ്മ കൊണ്ട് സംഭവിക്കുന്നതുമായ ഒന്ന് ഫലപ്രതമല്ലാത്ത രക്ഷാകർതൃത്വം ആണ്.  രക്ഷാകർതൃത്വം ഫലപ്രദമാണെങ്കിൽ ബാക്കിയുള്ള എല്ലാ ഘടകങ്ങളെയും  ഇത് നിഷ്ക്രിയമാക്കും. പക്ഷേ നമ്മുടെ ജീവിത ശൈലിയിൽ വന്ന മാറ്റങ്ങളും കൂട്ടുകുടുംബത്തിൽ നിന്ന് അണുകുടുംബത്തിലേക്കുള്ള കൂടുമാറ്റവും ഒക്കെ രക്ഷാകർതൃത്വത്തെ ദോഷമായി  ബാധിക്കുന്നുണ്ട്. ഇതുമൂലം വന്നു ഭവിക്കുന്ന  ദൂഷ്യഫലങ്ങൾ ഒരുപാടാണ്.

നമ്മുടെ രക്ഷാകർതൃ രീതി എങ്ങനെ നമ്മുടെ മക്കളിൽ അക്രമസ്വഭാവം വളർത്തുന്നു എന്ന് നോക്കാം... സ്കൂളിൽ വെച്ചു കുട്ടിയുടെ ഒരു ഇൻസ്ട്രുമെന്റ് ബോക്സ് കാണാതെ പോയെന്നു വിചാരിക്കുക

  1.  ഒരു ഇൻസ്ട്രുമെന്റ് ബോക്സ്‌ കാണാതെ പോകുമ്പോൾ അതിനേക്കാൾ നല്ല പുതിയ ബോക്സ് പിറ്റേ ദിവസം തന്നെ സ്കൂളിൽ കൊടുത്തുവിടുന്ന തരം മാതാപിതാക്കൾ ഉണ്ട്.സാമ്പത്തികം ഉണ്ടെങ്കിലും ഇല്ലെങ്കിലും ശെരി. കുട്ടി ഒരുതരത്തിലും ബുദ്ധിമുട്ടരുതല്ലോ. എന്നാൽ കാണാതെ പോയ ബോക്സ് ഒന്ന് കണ്ടെത്താനോ അതിന്റെ വിലയെക്കുറിച്ചു കുട്ടിയെ ബോധവാനാക്കാനോ മാതാപിതാക്കൾ  ശ്രമിക്കുന്നില്ല. ബോക്സ്‌ അന്വേഷിച്ചു വരുമ്പോൾ കുട്ടിയെ സ്വന്തം സാധനങ്ങൾ സൂക്ഷിക്കേണ്ടതിന്റെ ആവശ്യകത പറഞ്ഞുമനസ്സിലാക്കണമെന്ന് കരുതി കാത്തിരിക്കുന്ന ടീച്ചർമാർ മാത്രം ബാക്കി(അതുപോലുള്ള അധ്യാപകർ ഇന്നുമുണ്ട് എന്നത് സത്യം). 
  2. ഇനി വേറൊരു കൂട്ടർ മാതാപിതാക്കളുണ്ട്. അവർക്കു കുട്ടിയുടെ ഇൻസ്ട്രുമെൻറ് ബോക്സ് കാണാതെ പോയതിനെക്കുറിച്ചു അറിവ് പോലും കാണില്ല. ഇനി അറിഞ്ഞാൽ തന്നെ ഒരുതരം നിരാകരണമായിരിക്കും അവരിൽ നിന്നുണ്ടാവുക. കുട്ടിയുടെ കാര്യങ്ങളിൽ യാതൊരുവിധ ശ്രദ്ധയും കാണിക്കാത്തവരാണ് ഇക്കൂട്ടർ. നോക്കാനും ശാസിക്കാനും ആരുമില്ലാത്ത അവസ്ഥ. ഇത്തരത്തിൽ വളർന്ന കുട്ടികളിലും മാനസിക വൈകല്യങ്ങൾക്കു സാധ്യത കൂടുതലായി കാണുന്നു.
  3. ഇനിയൊരു തരം മാതാപിതാക്കളുണ്ട്. ബോക്സ്  കാണാതെ പോയി എന്ന് കേൾക്കേണ്ടതും കുട്ടിയെ മർദിക്കുന്നവർ. ഈ കുട്ടികളുടെ അവസ്ഥ അതീവ ദയനീയമാണ്. അവർക്കു പറയാനുള്ളതൊന്നും  കേൾക്കാനുള്ള സാവകാശം പോലും കൊടുക്കാത്ത ഇത്തരം  മാതാപിതാക്കൾ കുട്ടികളിൽ വൈരാഗ്യബുദ്ധി ഉണർത്തുന്നു. ഇത്തരത്തിൽ വളർന്ന കുട്ടികളോട് ഇടപഴകാൻ തന്നെ വളരെ ബുദ്ധിമുട്ടായിരിക്കും. ഈ കുട്ടികൾ അക്രമികളാകാനുള്ള സാധ്യത പതിന്മടങ്ങു കൂടുതലാണ്.
അവസാനത്തെ രണ്ടു തരം രക്ഷാകര്തൃത്വവും കുട്ടികളിൽ അക്രമവാസന ഉണർത്തുന്നു എന്നുള്ളത് വിശദീകരിക്കേണ്ട ആവശ്യമില്ല. എന്നാൽ  അമിത ലാളന കൊണ്ട് ഇങ്ങനെ സംഭവിക്കുന്നത് എങ്ങനെയെന്ന് വിശദീകരിക്കൽ അത്യന്താപേക്ഷിതമാണ്. കാരണം ഇന്നത്തെ 90 % കുട്ടികളും  വളർന്നുവരുന്നത് അത്തരത്തിലാണെന്നു വേണം പറയാൻ.

കാലഹരണപ്പെട്ട കാരണവസ്ഥാനം
ഒരു 20 വർഷം മുമ്പ് വരെ നമ്മുടെ വീടുകളിൽ അപ്പൂപ്പനോ അച്ഛനോ അമ്മാവനോ ഒക്കെ ആയിരുന്നു കൂടുതൽ പ്രാധാന്യം. (ആൺകോയ്മ പറയുന്നു എന്ന തോന്നൽ വേണ്ട, തലമൂത്തയാൾ എന്നെ ഉദ്ദേശിച്ചുള്ളൂ).അവർക്കിഷ്ടപെടുന്ന രീതിയിലുള്ള പാചകം, അവർക്കിഷ്ടമുള്ള TV പരിപാടികൾ, അങ്ങനെയെന്നുവേണ്ട വീട്ടിൽ ചെയ്യുന്ന ഏതൊന്നിനും അവരുടെ താല്പര്യമുണ്ടായിരുന്നു. എന്നാലിന്നോ? കുടുംബാംഗങ്ങൾ നാലോ അഞ്ചോ മാത്രമായി ചുരുങ്ങിയപ്പോൾ കാരണവന്മാർ തന്നെ തൽസ്ഥാനം വീട്ടിലെ കുട്ടികൾക്ക് കൈമാറിക്കഴിഞ്ഞു. ഇപ്പോൾ കുട്ടികളുടെ ഇഷ്ടാനിഷ്ടങ്ങൾക്കനുസരിച്ചാണ് നമ്മുടെ വീടുകളിലെ ഓരോരോ ക്രമീകരണങ്ങൾ. കൊച്ചു TV ചാനൽ ഒന്നുമാറ്റിക്കിട്ടുവാൻ കുട്ടിയുടെ കാലുപിടിക്കേണ്ട ഗതികേട്. അവർക്കിഷ്ടപ്പെട്ട രീതിയിലുള്ള ഭക്ഷണമല്ലെങ്കിൽ അവർ കഴിക്കില്ല പോലും. ഈയൊരു മാറ്റം നമ്മുടെ സമൂഹത്തെ തന്നെ മാറ്റാൻ പോന്നതാണെന്ന സത്യം നമ്മൾ ഓരോരുത്തരും തിരിച്ചറിയേണ്ടുന്ന സമയം അതിക്രമിച്ചിരിക്കുന്നു എന്നു തെളിയിക്കുന്നതാണ് ഇത്തരത്തിലുള്ള വാർത്തകൾ.

അതൊക്കെ വലുതാകുമ്പോ ശെരിയാകും!!!
കുട്ടിയുടെ ധാർഷ്ട്യത്തിനും അനാവശ്യ വാശിക്കും കൂട്ടുനിൽക്കുന്ന നമ്മൾ അവരുടെ സ്വഭാവരൂപീകരണമാണ് നടന്നുകൊണ്ടിരിക്കുന്നത് എന്ന യാഥാർഥ്യം ഓർക്കുന്നില്ല. അതൊക്കെ വലുതാകുമ്പോ ശെരിയായിക്കൊള്ളും എന്നാണ് നമ്മുടെ ധാരണ. തീർത്തും തെറ്റ്. 'ചൊട്ടയിലെ ശീലം ചുടല വരെ'. കുട്ടിയുടെ ആറു വയസ്സുവരെയുള്ള കാലഘട്ടം അതീവ നിർണായകമാണ്. ഈ  ലോകത്തിലേക്ക് വന്ന പുതിയ അതിഥി ലോകം എന്തെന്ന് ചുറ്റുപാടുകളിൽ നിന്ന് സ്വാംശീകരിക്കുന്ന അതി വിശേഷ കാലഘട്ടം ആണത്.https://kunjulokams.blogspot.com/2020/02/blog-post_10.html (കുട്ടികളിലെ പിടിവാശിയെ സംബന്ധിച്ച പോസ്റ്റ് വായിക്കുവാൻ ലിങ്ക് അമർത്തുക) കുടുംബത്തിലെ എല്ലാ അംഗങ്ങളുടെയും കേന്ദ്രീകൃത ശ്രദ്ധ പിടിച്ചു പറ്റുന്ന കുട്ടികൾക്ക് അവരുടെ എല്ലാ വാശിയും സാധിച്ചു പോരുന്നു. ചോദിച്ചതെല്ലാം കിട്ടി ശീലിക്കുന്നു. രണ്ടുമക്കൾക്കും കൂടി ഒരു കളിപ്പാട്ടം വാങ്ങി, ഇത് രണ്ടുപേരും കൂടി കളിക്കൂ എന്ന് പറയുന്നതിന് പകരം  ഒരു വഴക്കു ഒഴിവാക്കുന്നതിനായി രണ്ടെണ്ണം` വാങ്ങിക്കൊടുക്കുന്നവരാണ് ഇന്നത്തെ  മാതാപിതാക്കൾ.'ഞാൻ.., എനിക്ക്..' എന്നതിലേക്ക് നമ്മുടെ മക്കൾ ചുരുങ്ങുന്നതിൻെറ ഒരു സാധാരണ ഉദാഹരണമാണിത്. അങ്ങനെ എത്രയെത്ര ശീലങ്ങൾ നമ്മൾ അറിയാതെ നമ്മുടെ മക്കളിലേക്കു നിത്യേന എത്തുന്നു. നിസ്സാരമെന്നു നമ്മൾ കരുതുമെങ്കിലും ഇതൊക്കെയും കുട്ടികൾക്കുള്ള പഠനങ്ങളാണെന്നു നമ്മൾ മറന്നു പോകുന്നു.  മറ്റൊരാൾക്ക് വേണ്ടി കുറച്ചു സഹിക്കാനോ ക്ഷമിക്കാനോ അവർക്ക് കഴിയാതെ പോകുന്നു. ഇങ്ങനെ വളരുന്ന കുട്ടിക്ക് സ്വാർത്ഥതയും മൂല്യച്യുതിയും  തനിയെ വന്നു  ഭവിക്കുന്നു. അല്ലലറിയാതെ എല്ലാ ആഗ്രഹങ്ങളും സാധിച്ചു വളരുന്ന ഒരു കുട്ടിക്ക് യഥാർത്ഥത്തിൽ നമ്മൾ നൽകുന്നത് ചെത്തിമിനുക്കിയ ജീവിതത്തിൻെറ  ഒരുപുറം മാത്രമാണ്. കല്ലും മുള്ളും നിറഞ്ഞ മറുപുറം അവർക്ക് അജ്ഞാതമായത് കൊണ്ടുതന്നെ അത്തരം സാഹചര്യങ്ങളിൽ അവർ പകച്ചു പോകുന്നു. സ്വാഭാവികമായും ഇങ്ങനെ വളർന്ന കുട്ടിക്ക് നിർണായക ഘട്ടങ്ങളിൽ തെറ്റും ശെരിയും തിരിച്ചറിയാൻ പോലും പറ്റാതെ പോകുന്നു.   പിന്നീട് ജീവിതം മാറി മറിയുമ്പോൾ ഇവർക്ക് യാഥാർഥ്യത്തോട് പൊരുത്തപ്പെടാൻ കഴിയാതെ വരുന്നു.  കാരണം സുഖവും സന്തോഷവും മാത്രമേ ഇവർ ശീലിച്ചിട്ടുള്ളു എന്നത് തന്നെ. പ്രതികൂല സാഹചര്യത്തെ മറികടക്കാൻ  ഇവർ ചെയ്യുന്നതെന്തെന്ന് നമുക്ക് ഊഹിക്കാൻ പോലും സാധിക്കില്ല. 

വസ്തുതയ്ക്കു പകരം കുട്ടികൾക്ക് നൽകുന്നത് വസ്തുക്കൾ 
അച്ഛനമ്മമാർ ജോലിക്ക് പോകുമ്പോൾ മക്കളോടൊപ്പം സമയം ചിലവഴിക്കാൻ അറിഞ്ഞോ അറിയാതെയോ സാധിക്കാതെ വരുന്നു. തങ്ങളുടെ അസാന്നിധ്യത്തെ മറയ്ക്കാൻ ഇടയ്ക്കിടെ അർഹതയില്ലാതെ പാരിതോഷികങ്ങൾ നൽകി കുട്ടികളെ സന്തോഷിപ്പിക്കാൻ സദാ ഉത്സുകരാണ് മാതാപിതാക്കൾ. എൻെറ  കുട്ടി യാതൊരു കുറവും കൂടാതെ ജീവിക്കണം എന്ന മിഥ്യാധാരണ കൊണ്ടു ഹനിക്കപ്പെടുന്നത് പല മൂല്യബോധങ്ങളുമാണെന്ന് രക്ഷിതാക്കൾ ഓർക്കാതെ പോകുന്നു. വിലയേറിയ ആഡംബര വസ്തുക്കൾ മക്കൾക്കു കൊടുക്കുക വഴി അവർക്ക് തങ്ങളോടുള്ള സ്നേഹവും ബഹുമാനവും മുഴുവനായും വാങ്ങിയെടുക്കാൻ സാധിക്കും എന്നാണ് മാതാപിതാക്കൾ വിചാരിക്കുന്നത്. എന്നാൽ കാര്യങ്ങൾ നേരെ മറിച്ചാണ്. ഒരൊറ്റത്തവണ അവരുടെ പൊള്ളയായ ആവശ്യം നിറവേറ്റാതിരുന്നാൽ കുട്ടികളിൽ വരുന്ന ഭാവ വ്യതിചലനങ്ങൾ നേരിട്ടു കണ്ടു ബോധ്യപ്പെടുത്താൻ കഴിയും. ചിലർ അക്രമാസക്തരാകും. കയ്യിൽ കിട്ടുന്നതൊക്കെ ഇവർ വലിച്ചെറിയും.  അലറിക്കരയുകയും സ്വയം പരിക്കേൽപ്പിക്കുകയും ചെയ്യുന്ന കുട്ടികളുമുണ്ട്. ചിലർ വിഷാദത്തിലേക്ക് (depression) പോകും. സ്ഥായിയായ ദുഖവും,  മൗനവും, തന്നോട് ആർക്കും സ്നേഹമില്ലെന്നുള്ള തോന്നലും ഒക്കെയാണ് ഇത്തരക്കാർക്ക് ഉണ്ടാവുക.  അമിത ലാളന പോലെ തന്നെ അപകടം വിളിച്ചു വരുത്തുന്നതാണ് കുട്ടികളോടുള്ള നിരാകരണവും. ഇവയ്ക്കു രണ്ടിനുമിടയിൽ ആയിരിക്കുന്നതാണ് എപ്പോഴും നല്ലത്. ഇതൊക്കെ ഒഴിവാക്കാൻ കുട്ടിക്ക് അത്യാവശ്യം കൊടുത്തിരിക്കേണ്ട ചില ഘടകങ്ങളുണ്ട്. അതിൽ പ്രധാനം  അവർക്കൊപ്പമുള്ള കുറച്ചു സമയം (quality time) തന്നെയാണ്.  മൂല്യാധിഷ്ടിതമായിരിക്കണം അവരുടെ വളർച്ചയുടെ നാളുകൾ. കുറച്ചു ക്ഷമാശീലം, അല്പം സഹനശക്തി, പിന്നെ കുറച്ചു ബഹുമാനവും അവർക്കുണ്ടായിരിക്കട്ടെ! വസ്തുക്കൾക്ക് പകരം പച്ചയായ വസ്തുതയെ അവർക്ക് സമ്മാനമായി നൽകൂ. അല്ലെങ്കിൽ ബന്ധങ്ങൾക്കും അവർ വസ്തുവിന്റെ വിലയെ നൽകു.

ഇങ്ങനെയായിരിക്കണം മക്കളെ വളർത്തേണ്ടത് എന്ന് വരച്ചു കാണിക്കാൻ രക്ഷാകർതൃത്വത്തിനു പ്രത്യേകമായൊരു ചട്ടക്കൂടില്ല. ഓരോ ചുറ്റുപാടും വ്യത്യസ്തമായിരിക്കുന്നിടത്തോളം രക്ഷാകർതൃത്വവും വൈവിധ്യപൂർണമായിരിക്കും. മക്കളെ വളർത്താൻ മാനസികമായും ശാരീരികമായും തയ്യാറാകുമ്പോൾ മാത്രം മക്കൾ ഉണ്ടാകുന്നതിനെ കുറിച്ചു ആലോചിക്കുക. വിശേഷമൊന്നുമായില്ലേ എന്ന സ്ഥിരം കേൾവി സഹിക്കാൻ വയ്യാതെ ആരും അച്ഛനും അമ്മയും ആകാൻ തുനിയേണ്ട. അതീവ ക്ഷമയും ഉത്തരവാദിത്തവും നിറഞ്ഞ ഒരു ചുമതലയാണ് രക്ഷാകർതൃത്വം. നമ്മുടെ കുടുംബത്തിലേക്കുള്ള പിൻഗാമിയെ മാത്രമല്ല രാജ്യത്തിനും സമൂഹത്തിനും വേണ്ട ഉത്തമ പൗരനെക്കൂടിയാണ് ഓരോ അച്ഛനും അമ്മയും വാർത്തെടുക്കേണ്ടത്. ഈയൊരു ബോധം നമുക്കെല്ലാം ഉണ്ടെങ്കിൽ ഉത്തമരായ തലമുറയെ വാർത്തെടുക്കാൻ നമുക്ക് നിഷ്പ്രയാസം സാധിക്കും.

No comments

Powered by Blogger.