കുട്ടി എഴുതാൻ വളരെ പതുക്കെയാണോ? സമയത്തിനുള്ളിൽ പരീക്ഷ എഴുതി തീർക്കാൻ പ്രയാസപ്പെടുന്നുണ്ടോ? ക്ലാസ്സിലെ നോട്ട്സ് അതിവേഗം എഴുതിയെടുക്കാൻ ബുദ്ധിമുട്ടുന്നുണ്ടോ? പരിഹാരമായി വീട്ടിലിരുന്നു എളുപ്പം ചെയ്യാനുള്ള 10 ആക്ടിവിറ്റീസ്

ഏഴാം ക്ലാസ്സുകാരൻ റയാൻ തൻെറ ഉറ്റ ചങ്ങാതിയായ കാർത്തിക്കിനോട് എപ്പോഴും ചോദിക്കും. ടീച്ചർ ബോർഡിൽ എഴുതുന്നതൊക്കെ നീയെങ്ങെനെ ഇത്രപെട്ടെന്ന് എഴുതിയെടുക്കുന്നു. 'എല്ലാവരും എഴുതിക്കഴിഞ്ഞോ? എന്നാൽ മായിക്കാല്ലോ? ' എന്ന് പറഞ്ഞുകൊണ്ട് ടീച്ചർ മായിക്കുമ്പോഴും താൻ പകുതി മാത്രേ എഴുതിയിട്ടുണ്ടാകു. പലപ്പോഴും കാർത്തിക്കിൻെറ ബുക്ക് വാങ്ങിയാണ് റയാൻ നോട്സ് കംപ്ലീറ്റ് ചെയ്യാറുള്ളത്. ഇതവനെ എപ്പോഴും വേദനിപ്പിക്കുന്ന ഒരു കാര്യമാണ്. വീട്ടിൽ ചെല്ലുമ്പോൾ അമ്മയുടെ ശകാരം വേറെ. 'ഒരു നോട്ടും മര്യാദയ്ക്ക് കംപ്ലീറ്റ് ചെയ്യില്ല. നിന്നെപ്പോലെയല്ലേ മറ്റു കുട്ടികൾ, അവരൊക്കെ എല്ലാം എഴുതുന്നുണ്ടല്ലോ. പിന്നെ നിനക്ക് മാത്രമെന്താ?' അമ്മയുടെ ഈ ശകാരവാക്കുകൾ കേട്ട് അവൻ മടുത്തു. എന്താ തനിക്കു മാത്രം എഴുതിത്തീർക്കാൻ പറ്റാത്തത് എന്നുള്ളത് അവനും പിടികിട്ടാത്ത ഒരു ചോദ്യമാണ്. അമ്മയുടെ ചോദ്യശരങ്ങൾക്കു മുമ്പിൽ ഒന്നും പറയാനാകാതെ നിന്നു പരുങ്ങി മടുത്തപ്പോൾ അവൻ ടീച്ചറെ പഴിചാരി രക്ഷപ്പെടാൻ തുടങ്ങി. 'ആ ടീച്ചർക്ക് വല്ലാത്ത ധൃതിയാണ്. എല്ലാം വേഗം വേഗം മായ്ച്ചു കളയും. എനിക്ക് മാത്രമല്ല വേറെയും കുട്ടികൾക്ക് എഴുതിയെടുക്കാൻ പറ്റാറില്ല'. (കൂട്ടുപ്രതിയെ കിട്ടുമ്പോൾ എല്ലാവരും അനുഭവിക്കുന്ന അതേ മനഃസുഖം!)

എന്തുകൊണ്ടാണ് മതിയായ സമയം ടീച്ചർ നൽകിയിട്ടും, ക്ലാസ്സിലെ മറ്റുകുട്ടികളെല്ലാം എഴുതിയെടുത്തിട്ടും റയാന് മാത്രം എഴുതിത്തീർക്കാൻ പറ്റാത്തത്. ചിലയാളുകൾ പച്ചക്കറിയും സവാളയും ഒക്കെ അരിയുന്നത് കണ്ടിട്ടില്ലേ. ചക ചക ചകാന്ന്‌. വിരലിപ്പോ അരിയും എന്നു തോന്നുമാറ് അത്ര വേഗത്തിൽ ചെയ്യുന്നവർ. എന്തുകൊണ്ട് എല്ലാവർക്കും അങ്ങനെ ചെയ്യാൻ പറ്റുന്നില്ല? സംശയിക്കേണ്ട എല്ലാം നമ്മുടെ തലച്ചോറിൻെറ കളികൾ തന്നെ. 

നമ്മുടെ തലച്ചോർ 
മനുഷ്യരുടെ തലച്ചോറിന് നാലു പ്രധാന അറകളാണുള്ളത്(Brain Lobes). ഫ്രോണ്ടൽ ലോബ്(Frontal Lobe),  പരയ്റ്റൽ ലോബ്(Parietal Lobe), ടെംപൊറൽ ലോബ്(Temporal Lobe), ഒക്‌സിപിറ്റൽ ലോബ്(Occipital Lobe). ഇവ നാലിനും വ്യത്യസ്തങ്ങളായ ചുമതലകളാണ് ഉള്ളത്. മനുഷ്യൻെറ ചലന നിയന്ത്രണങ്ങളിൽ മുഖ്യ പങ്ക് വഹിക്കുന്ന രണ്ടു അറകൾ ഫ്രോണ്ടൽ ലോബും പരയ്റ്റൽ ലോബുംആണ്. എന്നാൽ ഇവ രണ്ടിനേക്കാൾ പ്രധാനിയാണ് സെറിബെല്ലം (Cerebellum). ഇത് ലിറ്റിൽ ബ്രെയിൻ (Little Brain) എന്നാണ് അറിയപ്പെടുന്നത്. മസ്തിഷ്ക തണ്ടിൻെറ (Brain Stem) താഴെയായി ഇത് കാണപ്പെടുന്നു. ചലനക്രമീകരണത്തിൻെറയും(Movements), ഏകോപനത്തിൻറെയും (Coordination) മുഖ്യ സൂത്രധാരൻ തലച്ചോറിൻെറ ഏറ്റവും പിന്നിലായി കാണുന്ന ഈ ഭാഗമാണ്. ഇവയുടെ പ്രവർത്തനക്ഷമത ഓരോരുത്തരിലും വ്യത്യസ്തമാണ്. അതുകൊണ്ടു തന്നെ കണക്കിൽ മുന്നിലാകുന്ന കുട്ടി സയൻസിൽ പിന്നിലാകുന്നു. വരയ്ക്കുന്ന കുട്ടിക്ക് ചിലപ്പോൾ പാടാൻ കഴിയുന്നില്ല. ഓടക്കുഴൽ വായിക്കുന്ന കുട്ടിക്ക് ചിലപ്പോൾ പിയാനോ വായിക്കാൻ പറ്റണമെന്നുമില്ല.

തബലിസ്റ്റ് ആയ അച്ഛൻെറ മകൻ തബല വായിക്കാൻ സാധ്യത കൂടുതലാണ്. ഒരുപക്ഷെ അവൻെറ ജന്മവാസന മറ്റൊന്നാണെങ്കിൽ കൂടി. ജനനം മുതൽ അവൻ കണ്ടും കേട്ടും വളരുന്നത് കൊണ്ട് മാത്രമല്ല അച്ഛൻെറ നിരന്തരമായ ശിക്ഷണം കൂടി അവനെ അതിനു പ്രാപ്തനാക്കുന്നു. നിരന്തരമായ പ്രയത്‌നത്തിലൂടെ തലച്ചോറിൻെറ മന്ദഗതിയിലായ ഭാഗം ഉത്തേജിപ്പിച്ചു കൂടുതൽ പ്രവർത്തനക്ഷമമാക്കാനുള്ള മാന്ത്രിക വിദ്യ നമ്മുടെ തലച്ചോറിനുണ്ട്. ഉപയോഗിക്കാതെ ഇരുന്നാൽ ആ മേഖല മുരടിപ്പിക്കാനും മഹാ മിടുക്കനാണ് നമ്മുടെ തലച്ചോർ.

ഏകോപനം(Coordination) കുറവുള്ള കുട്ടികളുടെ ഹാൻഡ്- ബ്രെയിൻ ഏകോപനം (Hand -Brain Coordination)  കൂട്ടുവാൻ സഹായിക്കുന്ന, വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ചെയ്യാവുന്ന ഏതാനും കുറച്ചു ആക്ടിവിറ്റീസ് നമുക്ക് ഇവിടെ പരിചയപ്പെടാം.

1. എഴുത്ത്
തുടർച്ചയായി എഴുതിപ്പിക്കുക. സമയം ക്രമീകരിച്ചു നിശ്ചിത സമയത്തിനുള്ളിൽ ഒരു paragraph എഴുതിതീർക്കാൻ ശ്രമിക്കുക. സമയദൈർഖ്യം കുറഞ്ഞു വരുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. Coordination കുറവുള്ള കുട്ടികൾ എഴുതാൻ മടി കാണിക്കാം. Fine Motor skill കുറവുള്ള ഇത്തരം കുട്ടികൾക്ക് കുറച്ചു വണ്ണമുള്ള തരം പേനയും പെൻസിലും കൊടുക്കുന്നതാണ് നല്ലത്. കാരണം പെൻസിലും പേനയും അധികനേരം പിടിക്കുവാൻ അവർക്ക് ബുദ്ധിമുട്ടാണ്. പഠനവേള കുട്ടിക്ക് ഭയമുളവാക്കുന്ന ഒന്നായിട്ടാണ് നിങ്ങളുടെ ചിത്രീകരണമെങ്കിലും  ഈ മടി പ്രകടമാകാം. സൗമ്യമായും സ്നേഹത്തോടെയും പഠനവേളയിൽ കുട്ടിയോട് പെരുമാറുക. ഒരു കാര്യം എടുത്തു പറയട്ടെ കേവലം രണ്ടും മൂന്നും വയസ്സായ കുട്ടികളെ കൊണ്ട് ദയവു ചെയ്ത് ബലം പ്രയോഗിച്ചു എഴുതിക്കരുത്. മുതിർന്നവർ അവരുടെ കൈപിടിച്ചു എഴുതുന്നത് ഒഴിവാക്കണം.

2. കത്രികയുടെ ഉപയോഗം

ചിത്രത്തിൽ കാണുന്ന പോലെ പല ആകൃതികൾ വരച്ചു അതു വെട്ടിയെടുക്കുവാൻ കുട്ടിയോട് ആവശ്യപ്പെടുക. കുട്ടിക്ക് കത്രിക കൊടുക്കാൻ ഭയക്കുന്നവരാണ് അധികം പേരും. കുട്ടികൾക്കുപയോഗിക്കാൻ വിധം അപകടകരമല്ലാത്ത കത്രികകൾ മാർക്കറ്റിൽ ലഭ്യമാണ്. കുട്ടിയുടെ ഏകോപനം (Coordination) വർധിപ്പിക്കുവാൻ കത്രികയുടെ ഉപയോഗം വളരെ അധികം ഫലപ്രദമാണ്.

3. Building Blocks

Building Blocks വെറും ഒരു കളിപ്പാട്ടം മാത്രമായി കാണരുത്. ഇത് കുട്ടിയുടെ ഏകോപനത്തെയും(coordination), ശ്രദ്ധയേയും(concentration), ഭാവനയും(creativity) ഉത്തേജിപ്പിക്കാൻ പോന്ന ഒന്നാണ്. ADHD(Attention Deficit Hyper Active) കുട്ടികൾക്കും ഉപകാരപ്രദമാകുന്ന ഒരു ആക്ടിവിറ്റി കൂടിയാണ് ഇത്.

4. നൂല് കോർക്കൽ

Coordination കുറവുള്ള കുട്ടികൾക്ക് ഇത് കുറച്ചു ശ്രമകരമായ ആക്ടിവിറ്റി ആണ്.  കുട്ടിയുടെ പ്രായത്തിനനുസരിച്ചു  കോർക്കുന്ന വസ്തു തിരഞ്ഞെടുക്കാം. ചെറിയ കുട്ടികൾക്ക് ദ്വാരം വലുതുള്ള വലിയ മുത്തുകൾ പോലെയുള്ളവ നൽകാം. ചിത്രത്തിൽ കാണുന്ന പോലെ പേന ടോപ്പിൽ നിക്ഷേപിക്കാൻ പറയാം. മുതിർന്ന കുട്ടികൾക്ക് സൂചിയും നൂലും നൽകാവുന്നതാണ്. കോർക്കൽ മാത്രമല്ല നിശ്ചിത വരയിലൂടെ തുന്നുവാനും അവരോട് പറയാം.

5. ക്ലേ(Clay) കുഴക്കൽ

ഇതു കുട്ടികൾ ഒരുപാട് ആസ്വദിച്ചു ചെയ്യുന്ന ഒന്നായിരിക്കും. Clay മാർക്കറ്റിൽ ലഭ്യമാണ്. അതല്ലെങ്കിൽ ചപ്പാത്തി മാവോ മൈദ മാവോ ക്ലേ രൂപത്തിൽ ആക്കിയാലും മതി. ഇത് കുഴയ്ക്കുന്നതും പരത്തുന്നതും ഉരുട്ടുന്നതുമൊക്കെ കുട്ടിയുടെ Hand muscles ദൃഢപ്പെടുത്തുന്ന നല്ല വ്യായാമം ആണ്. അടുക്കളയിൽ മാവു കുഴയ്ക്കുമ്പോൾ 'ഞാനും' എന്നു പറഞ്ഞു വരുന്ന കുട്ടിയെ ആട്ടി ഓടിക്കാതെ കുറച്ചു അവർക്കും കൊടുത്തോളൂ ഇനിമുതൽ. അത് ഇടിച്ചും കുഴച്ചും പരത്തിയും കളിക്കുക വഴി അവർക്ക് ലഭിക്കുന്ന നേട്ടം എന്താണെന്ന് ഇപ്പൊ പിടികിട്ടിയില്ലേ

6. കുത്തുകളിലൂടെ വരയ്ക്കാം

ചിത്രത്തിൽ കാണുന്ന പോലെ കുത്തുകൾ വരച്ചു അതിനു മുകളിലൂടെ വരയ്ക്കുവാൻ കുട്ടിയോട് ആവശ്യപ്പെടുക. കുത്തുകൾക്ക് പുറമേ വര പോയാലും ശകാരിച്ചു അവരെ നിരുത്സാഹപ്പെടുത്താതെ പ്രത്യാശ നൽകി പ്രോത്സാഹിപ്പിക്കുക.

7. പെറുക്കി എടുക്കാം

മുത്തുകളോ, ചെറിയ കല്ലുകളോ, കടലയോ വീട്ടിൽ എളുപ്പത്തിൽ ലഭ്യമായിട്ടുള്ള  സമാനമായ എന്തെങ്കിലും നിലത്തിട്ട് അത് ഓരോന്ന് പെറുക്കി കയ്യിൽ ഒതുക്കി വെയ്ക്കുക. പറ്റാവുന്ന അത്രയും കയ്യിൽ തന്നെ ഒതുക്കാൻ ശ്രമിക്കുക. ശേഷം മറ്റൊരു പാത്രത്തിലേക്ക് ഇടുക. ശ്രദ്ധയും ഏകോപനവും വർധിപ്പിക്കാനുള്ള വളരെ എളുപ്പത്തിൽ ചെയ്യാവുന്ന ഒന്നാണ് ഇത്. ഒരു പാത്രത്തിൽ നിന്ന് മറ്റൊരു പാത്രത്തിലേക്ക് സ്പൂൺ ഉപയോഗിച്ച് വെള്ളം ഒഴിക്കുന്നതും ഇതിനു തുല്യമായ ആക്ടിവിറ്റി ആണ്.

8. ഒന്നിനു മുകളിൽ ഒന്ന്

ഒന്നിനു മുകളിൽ ഒന്നൊന്നായി വെക്കാൻ പറ്റുന്ന എന്തും ഉപയോഗിക്കാം. വളരെ കൗതുകമേറിയതും കുട്ടികൾ ഏറെ ആസ്വദിക്കുന്നതുമായ ഇത് ഏകാഗ്രതയും ശ്രദ്ധയും ഏകോപനവും വർധിപ്പിക്കുന്ന ഒരു ലളിതമായ ആക്ടിവിറ്റി കൂടിയാണ്.

9 . നിറം കൊടുക്കൽ


മിക്കവാറും എല്ലാ കുട്ടികളും ചെയ്യുന്ന ഒന്നാണ് ഇത്. Coordination കുറവുള്ള കുട്ടികൾക്ക് ഒരുപാട് ഉപകാരപ്രദമാണ് ഇത്. ഇത്തരം കുട്ടികൾക്ക് ചിത്രത്തിന് വെളിയിൽ പോകാതെ നിറം കൊടുക്കൽ ശ്രമകരമായ ഒന്നാണ്.

10. keyboard & Mouse

കംപ്യൂട്ടറിൻെറ കീബോർഡും മൗസും ഉപയോഗിക്കുന്നതു കുട്ടിയുടെ ഹാൻഡ് ബ്രെയിൻ കോഓർഡിനേഷൻ കൂട്ടുവാൻ സഹായിക്കുന്ന ഒന്നാണ്. മൗസ് ശെരിയായ രീതിയിൽ പിടിക്കുക എന്നതും കീബോർഡ് കഴിയുന്നത്ര വേഗത്തിൽ ടൈപ്പ് ചെയ്യുക എന്നതുമാണ് മുഖ്യം. ഇതിനു കമ്പ്യൂട്ടർ ഓൺ ചെയ്യണമെന്നില്ല.


മേൽ പറഞ്ഞവ മാത്രമാണ് Fine Motor Skills കൂട്ടുവാനുള്ള ആക്ടിവിറ്റീസ് എന്ന് തെറ്റിദ്ധരിക്കരുത്. വളരെ എളുപ്പത്തിൽ വീട്ടിൽ ലഭ്യമായ വസ്തുക്കൾ വെച്ച് ചെയ്യാവുന്ന 10 കാര്യങ്ങളാണ് ഇവിടെ പരിചയപ്പെടുത്തിയിട്ടുള്ളത്. Hand Brain Coordination വർധിപ്പിക്കുന്നതിനായി സമാനമായ ആക്ടിവിറ്റീസിനുള്ള കിറ്റ് മാർക്കറ്റിലും ലഭ്യമാണ്. ADHD(Attention Deficit Hyper Active) ഉള്ള കുട്ടികൾക്കും മേൽപറഞ്ഞ പ്രവർത്തനങ്ങൾ ഗുണപ്രദമാണ്.  ഇവയെല്ലാം തന്നെ ചെയ്യണമെന്ന് യാതൊരു നിർബന്ധവുമില്ല. കുട്ടിക്ക് പ്രിയപ്പെട്ടത് നോക്കി തിരഞ്ഞെടുക്കട്ടെ. ഒന്നോ രണ്ടോ ദിവസങ്ങൾ ചെയ്തത് കൊണ്ട് ഒരു മാറ്റം പ്രതീക്ഷിക്കുന്നത് വിഢിത്തമായിരിക്കും. നിരന്തരമായ പരിശീലനം മാറ്റത്തിന് അനിവാര്യമാണ്. രക്ഷിതാവിൻെറ ഇടപെടലിൻെറ രീതി അനുസരിച്ചു കുട്ടി ഈ പ്രവർത്തികളിൽ വ്യാപൃതരാകുന്ന ദൈർഖ്യം വ്യത്യസ്തമായിരിക്കും. ശാസിച്ചും ഭീഷണി മുഴക്കിയും കുട്ടികളെ കൊണ്ട് ഇതൊന്നും ചെയ്യിക്കാമെന്നു കരുതേണ്ട. അത്യന്തം ആസ്വാദ്യകരവും ആന്ദകരവുമാക്കി ഈ പ്രവർത്തികളെ മാറ്റാൻ നിങ്ങൾക്കാകും. കേവലം Fine Motor Skill ആക്ടിവിറ്റി എന്നതിലുപരി Parent- Child relation വർദ്ധിപ്പിക്കുവാനും ഇവ സഹായപ്രദമാകട്ടെ.























4 comments:

  1. വളരെ നന്നായിട്ടുണ്ട്... ഉപകാരപ്രദമായ ലേഖനം

    ReplyDelete
  2. വളരെ നല്ല അറിവാണ്. എന്തായാലും ഒന്ന് പരീക്ഷിച്ചു നോക്കാം അല്ലെ. വളരെ നന്ദി.👍

    ReplyDelete
  3. തീർച്ചയായും പരീക്ഷിക്കാം. Thank you

    ReplyDelete

Powered by Blogger.