കുട്ടി സൈക്കിളിൽ നിന്ന് വീണാൽ നിങ്ങളുടെ പ്രതികരണം എങ്ങനെയാണ്?നിങ്ങൾ ഏതു തരം രക്ഷിതാവാണെന്ന് അപ്പോൾ അറിയാം




ആനന്ദ് 5 വയസ്സുള്ള കുട്ടിയാണ്. സൈക്കിൾ ചവിട്ടുകയായിരുന്ന അവൻ പെട്ടെന്ന് മറിഞ്ഞു വീണു. യാതൊരു തരത്തിലുള്ള മുറിവുകളോ ചതവുകളോ ഉണ്ടായിരുന്നില്ല. അത്ര നിസ്സാരമായ വീഴ്ചയായിരുന്നു. എന്നിട്ടും വീണിടത്തു തന്നെ കിടന്നു അവൻ  അലമുറയിട്ടു കരഞ്ഞു.  അമ്മയും അച്ഛനും അച്ഛാച്ഛനും അച്ഛമ്മയും എന്നു വേണ്ട വീട്ടിലുള്ള എല്ലാ അംഗങ്ങളും 'അയ്യോ' എന്നലറിവിളിച്ചു കൊണ്ട് ഓടി വന്നു. ആനന്ദിനെ അച്ഛമ്മ വാരിയെടുത്തു. മുറിവുകളിൽ ഊതലും, "ഒന്നുമില്ലടാ മോനെ ഒന്നുമില്ലടാ" എന്ന് കണ്ണീരൊഴുക്കിക്കൊണ്ടുള്ള സമാധാനപ്പെടുത്തലും ഒക്കെ തകൃതിയായി നടക്കുന്നുണ്ട്. കുട്ടിയുടെ കരച്ചിൽ ഒന്നുകൂടി ഉച്ചത്തിൽ ആയതല്ലാതെ കുറഞ്ഞില്ല. അപ്പോഴാണ് അമ്മ ഫ്രിഡ്ജിൽ അവൻ കാണാതെ ഒളിപ്പിച്ചു വെച്ചിരുന്ന മിഠായിയുടെ കാര്യം ഓർത്തത്. ഓടിപ്പോയി മിഠായി എടുത്തുകൊണ്ടു വന്നതും അവൻെറ കരച്ചിലിൻെറ ശബ്ദം നേർത്തതും ഒരുമിച്ചായിരുന്നു. അവൻെറ കരച്ചിൽ മാറിയെങ്കിലും അച്ഛാച്ഛൻെറ സങ്കടം മാറിയില്ല. ഞാൻ അപ്പൊഴേ പറഞ്ഞതാ ഈ സൈക്കിളൊന്നും ഇപ്പോ വാങ്ങേണ്ടെന്നു. അതൊക്കെ ഓടിക്കാനും മാത്രം കുഞ്ഞു വളർന്നോ? മോനെ നീയിനി ഇതിൽ കേറണ്ടാട്ടോ.

സമീർ 5 വയസ്സുള്ള മറ്റൊരു കുട്ടിയാണ്. വീട്ടുമുറ്റത്തു സൈക്കിൾ ചവിട്ടുകയായിരുന്ന അവനും പെട്ടെന്ന് മറിഞ്ഞു വീണു. അവനു വേദനിച്ചെങ്കിലും കരഞ്ഞില്ല. മറിച്ചു താൻ വീഴുന്നത് ആരെങ്കിലും കണ്ടോ എന്നു അവൻ ഭയപ്പാടോടെ ചുറ്റും നോക്കി. സൈക്കിൾ വീഴുന്ന ഒച്ച കേട്ട് അവൻെറ അമ്മ അപ്പോഴേക്കും മുറ്റത്തേക്ക് ഓടിയെത്തിയിരുന്നു. സമീ, നീ വീണോ? ഇല്ലമ്മേ അവൻ കള്ളം പറഞ്ഞു. സൈക്കിൾ വീഴുന്ന ശബ്ദം ഞാൻ കേട്ടല്ലോ, നിൻെറ കാലും മുറിഞ്ഞിട്ടുണ്ടല്ലോ! അടുത്ത് കിടന്ന ഒരു കമ്പ് അമ്മ എടുക്കുന്നത് അവൻ കണ്ടതും സൈക്കിൾ താഴെയിട്ടു പരക്കം പാഞ്ഞോടിയതും ഒരുമിച്ചായിരുന്നു. വടിയുമായി അമ്മയും അവൻെറ പിറകേ പാഞ്ഞു.

ഇനി ആൻറണി സൈക്കിൾ ചവിട്ടുന്നത് നോക്കാം. അവനും 5 വയസ്സ് തന്നെ. സൈക്കിൾ മറിഞ്ഞു അവന്റെ ദേഹത്തേക്ക് തന്നെ വീണു. അതു കണ്ട അമ്മ പറഞ്ഞു. കണക്കായിപ്പോയി വീണത്. ഇനിയും നീയിതുവരെ നന്നായിട്ടൊന്നു ചവിട്ടാൻ പഠിച്ചില്ലേ. തനിയെ എണീറ്റിങ്ങു പോര്. അവൻ കരഞ്ഞില്ല, ഭയന്നുമില്ല, പക്ഷേ എന്തോ ചെറിയ സങ്കടം തോന്നി. 

അഭിഷേക് 5 വയസ്സുള്ള മറ്റൊരു കുട്ടിയാണ്. അവനും സൈക്കിൾ ചവിട്ടുന്നതിനിടയിൽ ഒന്നു വീണു. കാൽ മുട്ട് ചെറുതായിട്ടൊന്നു മുറിഞ്ഞു. "അമ്മേ സൈക്കിൾ ഒന്നു ഉയർത്തി തരുമോ എനിക്ക് ഉയർത്താൻ പറ്റുന്നില്ല". അവൻ വിളിച്ചു പറഞ്ഞതു കേട്ട് അമ്മ മുറ്റത്തേക്കു വന്നു. "എന്ത് പറ്റി മോനേ നീ വീണോ"? അവൻ പറഞ്ഞു. "ചെറുതായിട്ട്. കാലു കുറച്ചു ഉരഞ്ഞതേയുള്ളു. വേറൊന്നും പറ്റിയില്ലമ്മേ". അമ്മ പറഞ്ഞു "അമ്മയും ആദ്യം സൈക്കിൾ ചവിട്ടാൻ പഠിക്കുമ്പോ കുറേ വീണിട്ടുണ്ട് അബിക്കുട്ടാ. പക്ഷേ അമ്മ പിന്നേം പിന്നേം ചവിട്ടി. അങ്ങനെ നന്നായി ചവിട്ടാൻ പഠിച്ചു. മുറിവിൽ അമ്മ കുറച്ചു മരുന്ന് പുരട്ടിത്തരാം. വേഗം ഉണങ്ങിക്കോളും കേട്ടോ". "ഞാൻ കുറച്ചു കൂടി സൈക്കിൾ ചവിട്ടിയിട്ട് വരാം അമ്മേ". "ശെരി , എന്നാ അബിക്കുട്ടാ നീയും പിടിച്ചോ നമുക്ക് ഒരുമിച്ചു സൈക്കിൾ ഉയർത്തി വെക്കാം".

വളരെ പെട്ടെന്നു മനസ്സിലാകുന്ന ഒരു ചെറിയ ഉദാഹരണം മാത്രമാണിത്. ഇതുപോലെ അനവധി നിരവധി മുഹൂർത്തങ്ങളാണ് നിത്യേനയെന്നോണം ഓരോ വീടുകളിലും നടന്നുകൊണ്ടിരിക്കുന്നത്. ചിലർക്കെങ്കിലും ഇത് വായിക്കുമ്പോൾ ഒരു സംശയം വരാം. കുട്ടികളായാൽ വീഴും, കരയും, മുതിർന്നവർ ആശ്വസിപ്പിക്കും, കരയാതിരിക്കാൻ മിഠായിയും കൊടുക്കും, ദേഷ്യം വന്നാൽ ചിലപ്പോ അടിച്ചെന്നും വരും. അതിലെന്താണിത്ര കുഴപ്പം. ആനന്ദും സമീറും ആന്റണിയും അഭിഷേകും സമപ്രായക്കാരാണ്. പക്ഷേ ഒരേ സന്ദർഭത്തിൽ നാലു പേരും വ്യത്യസ്തമായാണ് പ്രതികരിച്ചത്. അതെന്തുകൊണ്ടാണ്? ജനിച്ചപ്പോഴേ അവരുടെ സ്വഭാവ രൂപീകരണം അത്തരത്തിൽ വ്യത്യസ്തപ്പെട്ടു വന്നതാണോ? തീർച്ചയായും അല്ല. പിന്നെന്താണ്? കാരണം ഇപ്പോൾ നിങ്ങൾക്കെല്ലാം വ്യക്തമാണ്. നാലുപേരും വളർന്നു വന്ന ചുറ്റുപാട് തന്നെ. അല്ലേ? അതെ, തീർച്ചയായും കുട്ടി വളർന്നു വരുന്ന ചുറ്റുപാട് കുട്ടിയുടെ വ്യക്തിത്വ വികസനത്തെ അനുകൂലമായും പ്രതികൂലമായും ബാധിക്കാൻ കെൽപ്പുള്ള അതിപ്രധാന ഒരു ഘടകം തന്നെയാണ്. വിശദീകരിക്കാം.

രക്ഷാകർത്തൃത്വം 4 തരം 
1.PERMISSIVE PARENTING (പെർമിസ്സിവ് പാരെൻറിംഗ്)

'നാഥനില്ലാ കളരി' എന്ന ചൊല്ലിനു ഉദാഹരണമാണ് ഈ രക്ഷാകർതൃത്വ രീതി. ആനന്ദിൻെറ രക്ഷാകർത്തൃത്വം അത്തരമാണ്. കുട്ടികൾക്ക് പൂർണ സ്വാതന്ത്ര്യം കൊടുക്കുകയും തെറ്റുകൾ എത്ര ഗൗരവമേറിയതാണെങ്കിലും കുട്ടി എന്ന പരിഗണന നൽകി അതെല്ലാം പൊറുത്തുകൊടുക്കുകയും ചെയ്യുന്ന  മാതാപിതാക്കൾ ആണ് ഇക്കൂട്ടർ. എല്ലാ ആവശ്യങ്ങളും സാധിച്ചു കൊടുക്കുക എന്നത് മാത്രമാണ് ഇത്തരം രക്ഷിതാക്കളുടെ ഉദ്ദേശം തന്നെ. കുട്ടി ചോദിക്കുന്നതെല്ലാം കൊടുക്കുന്നതാണ് സ്നേഹം എന്നാണ് ഇവരുടെ തെറ്റിധാരണ. വളരെ സുഖലോലുപരായി കഴിയുന്നവരും അങ്ങനെ ഒരു രക്ഷാ കവചത്തിൽ നിന്നു പുറത്തു വരാൻ ആഗ്രഹിക്കാത്തവരുമായിട്ടാണ് ഇത്തരം കുട്ടികൾ വളർന്നു വരിക. ജീവിത യാഥാർഥ്യങ്ങളോട് പൊരുത്തപ്പെട്ടു മുന്നോട്ട് പോകുവാൻ നന്നേ ബുദ്ധിമുട്ടേണ്ടി വരുന്നവരാണ് ഇങ്ങനെ വളരുന്ന കുട്ടികൾ. നിർഭാഗ്യവശാൽ ഇന്നു വളർന്നു വരുന്ന ഏറിയ പങ്കും കുട്ടികൾ ഇത്തരം രക്ഷാകർതൃത്വത്തിൻറെ ബലിയാടുകൾ ആണെന്നു പറയാതെ വയ്യ. വാക്കുകളുടെ പുറം ചട്ടയിലൂടെ പോകുമ്പോൾ വ്യക്തത കിട്ടാത്തവർക്കായി ഒറ്റവാക്യത്തിൽ ഒന്നുകൂടി പറയാം. കുട്ടി ഉന്നയിക്കുന്ന ആവശ്യം നിങ്ങൾക്ക് സാധ്യമാകാത്ത സാഹചര്യത്തിൽ അനുനയ ശബ്ദത്തിൽ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കാൻ ശ്രമിക്കുമ്പോഴും അതെല്ലാം വിഫലമാക്കിക്കൊണ്ടു വിചാരിച്ചതു നടക്കുന്നതു വരെ പരിസരബോധമില്ലാതെ നിങ്ങളുടെ കുട്ടി കരയുന്നുണ്ടെങ്കിൽ നിങ്ങൾ പ്രസ്തുത വിഭാഗത്തിൽ പെടുന്നു എന്ന് സാരം.
അതൊക്കെ വലുതാകുമ്പോൾ ശെരിയാകുമെന്നാണോ പറഞ്ഞു വരുന്നത്. മുതിരുമ്പോൾ പാവയ്ക്കു വേണ്ടിയോ മിഠായിക്ക് വേണ്ടിയോ ഒരുപക്ഷെ കരയില്ലായിരിക്കും, ശെരിയാണ്. പക്ഷേ മുതിരുന്നതിനനുസരിച്ചു ശാഠ്യത്തിൻെറ സ്വഭാവവും മാറുന്നത് ചുറ്റുവട്ടത്ത് നിന്നും മാധ്യമങ്ങളിൽ നിന്നും നാം നിത്യേനെ കാണുന്നില്ലേ. ചൊട്ടയിലെ ശീലം ചുടല വരെ. ചിന്തിക്കുന്നവർക്ക് ദൃഷ്ടാന്തമുണ്ട്. ചിന്തിക്കുന്നവർക്കേ ദൃഷ്ടാന്തമുള്ളു!

2.AUTHORITARIAN PARENTING (അതോറിറ്റേറിയൻ പാരെൻറിംഗ്)

സമീറിൻെറ  രക്ഷിതാക്കൾ ഇത്തരമാണ്. അനുസരണ പഠിപ്പിക്കാനാണ് ഇവർ എപ്പോഴും ശ്രമിക്കുക. ആജ്ഞാ സ്വരത്തിൽ ആയിരിക്കും സംസാരം. കുട്ടിയുടെ വശത്തു നിന്നു ചിന്തിക്കുക എന്നത് ഇവർക്ക് കൈയെത്താ ദൂരത്താണ്. ഇത്തരത്തിൽ വളർന്ന കുട്ടികൾക്കു വീട്ടിൽ യാതൊരു തരത്തിലുള്ള പരിഗണയും കിട്ടാറില്ല. നിസ്സാര കാര്യങ്ങൾക്കു വരെ ഇവർ കുട്ടിയെ മർദിക്കുകയും ശകാരിക്കുകയും ചെയ്യും. ഒരു യജമാനൻ- തൊഴിലാളി നയം. പറയുന്നതങ്ങോട്ട് അനുസരിച്ചാൽ മതി ഇങ്ങോട്ടൊന്നും പറയാൻ നിക്കണ്ട. ഇതാണവരുടെ  ഒരു രീതി. ഈ രീതിയിൽ വളർന്ന കുട്ടി മാതാപിതാക്കളെ ഒരുപാട് ഭയപ്പെടുന്നു.എല്ലാം ചട്ടപ്രകാരം തന്നെ പോകണം എന്നു നിർബന്ധ ബുദ്ധിയുള്ളത് കൊണ്ടുതന്നെ കള്ളം പറയാനുള്ള സാധ്യത ഇത്തരം സാഹചര്യത്തിൽ വളർന്ന കുട്ടികളിൽ കൂടുതലാണ്. ശിക്ഷകളിൽ നിന്നൊഴിവാകാൻ വേണ്ടി പറഞ്ഞുതുടങ്ങുന്നതാണെങ്കിലും അവർ പോലും അറിയാതെ പിന്നീട് അതൊരു ശീലമായി പോകുന്നു എന്നതാണ് വാസ്തവം. ആത്മവിശ്വാസം കുറഞ്ഞവരുടെ നിരയിൽ ഈ കുട്ടികൾ മുന്നിൽ തന്നെയാണ്. 
 

3. UN INVOLVED PARENTING (അൺ ഇൻവോൾവ്ഡ് പാരെൻറിംഗ്)

ആൻറണിയുടെ മാതാപിതാക്കൾ ഇത്തരമാണ്. കുട്ടികൾക്ക് വേണ്ടത്ര ശ്രദ്ധയോ പരിഗണനയോ ഇവർ കൊടുക്കില്ല. മാതാപിതാക്കളുടെ പങ്കാളിത്തം വളരെ കുറവായിരിക്കും. കുട്ടി എല്ലാം തനിയെ ചെയ്യണം എന്നാണ് ഇവരുടെ ഒരിത്. കുട്ടി പ്രാപ്തനാകണം എന്ന ഉദ്ദേശത്തോടെയല്ല ഇത് എന്നത് അടിവരയിട്ടു പറയേണ്ടതാണ്. അതിനൊരു ഉദാഹരണം അത്യാവശ്യം. ആൻറണിയുടെ സമപ്രായക്കാരനായ അവൻെറ കൂട്ടുകാരനു നന്നായി സൈക്കിൾ ചവിട്ടാൻ അറിയാമെന്നിരിക്കട്ടെ. എന്നാൽ ആൻറണിക്കാണെങ്കിൽ ഇപ്പോഴും നന്നായി ചവിട്ടാൻ അറിയില്ല. സൈക്കിൾ ഒക്കെ വാങ്ങിക്കൊടുത്തിട്ട് മാസങ്ങളായി. എന്നിട്ടും അവൻ ഇതുവരെ അത് പഠിച്ചിട്ടില്ല. എല്ലാവരോടും അവർ പറയും. ചവിട്ടി പഠിക്കാൻ സൈക്കിൾ ഒന്നു പിടിച്ചു കൊടുക്കുകയോ 'നിനക്ക് പറ്റും' എന്ന് പറഞ്ഞു പ്രോത്സാഹിപ്പിക്കുകയോ ചെയ്യാതെ സൈക്കിൾ ചവിട്ടാൻ കഴിയാത്തത് കുട്ടിയുടെ ഒരു പോരായ്മയായും കഴിവ് കേടായും കണ്ടു കുറ്റപ്പെടുത്തുന്നവരാണ് ഇത്തരം മാതാപിതാക്കൾ. അവരുടെ ധാരണയിൽ അത് അവൻ തനിയേ പഠിക്കേണ്ടതാണ്. 
കുട്ടി ഈ സമയം എന്തു ചെയ്യുന്നെന്നോ ആരുടെ കൂടെയെന്നോ എവിടെയെന്നോ ഇക്കൂട്ടർക്ക് അറിവുണ്ടാകില്ല. ചിലപ്പോഴൊക്കെ മാനസിക വൈകല്യം മൂലം ചില രക്ഷിതാക്കൾ ഇത്തരത്തിൽ ആകാറുണ്ട്. പലപ്പോഴും അറിവില്ലായ്മ കൊണ്ടും ആകാറുണ്ട്. എന്തൊക്കെയാണേലും ഇത്തരത്തിൽ വളരുന്ന കുട്ടികൾ മാനസിക സംഘർഷം കൂടുതലായി അനുഭവിക്കുന്നവരാണ്. മതിയായ സ്നേഹമോ പരിഗണനയോ ലഭിക്കാതെ, ആത്മവിശ്വാസം ഇല്ലാത്തവരായും പെരുമാറ്റ പ്രശ്നങ്ങൾ ഉള്ളവരായും ഇത്തരത്തിൽ വളർന്ന കുട്ടികളെ കാണാറുണ്ട്.

4. AUTHORITATIVE PARENTING( അതോറിറ്റേറ്റീവ് പാരെൻറിംഗ്)
കുട്ടികളെ വളർത്തുന്നതിൽ ഏറ്റവും നല്ല രീതി എന്ന നിലയിൽ പ്രശസ്തമാണ് അതോറിറ്റേറ്റീവ് പാരെൻറിംഗ്. സ്നേഹവും ശ്രദ്ധയും പരിഗണയും ശാസനയും എല്ലാം സമ്മിശ്രണം ചേർന്ന ഒരു രീതിയാണ് ഇതു. കുട്ടികളുടെ വികാരങ്ങളെ മാനിച്ചു കൊണ്ടുള്ളതായിരിക്കും ഓരോ ചലനവും. കുട്ടിയെ ഒരു വ്യക്തിയായി കണ്ടു മാനിക്കേണ്ടിടത്തു മാനിച്ചും, പ്രായാനുസരണമുള്ള ഉത്തരവാദിത്തങ്ങൾ നൽകിയും, പ്രശംസ അർഹിക്കുന്നിടത്ത് ഒട്ടും പിശുക്കാതെ പ്രശംസിച്ചും,  ശാസിക്കേണ്ടിടത്തു ഒട്ടും മടിക്കാതെ ശാസിച്ചും, കുട്ടിയായി കണ്ടു പൊറുക്കേണ്ടിടത്ത് പൊറുത്തു കൊടുക്കും, തുറന്ന ആശയ വിനിമയങ്ങൾ നടത്തിയും, നല്ല വ്യക്തിത്വങ്ങളെ സമൂഹത്തിലേക്ക് വാർത്തെടുക്കാൻ സഹായിക്കുന്ന ഉത്തമ രീതിയാണ് ഇത്. ഇത്തരം രീതിയിൽ വളർന്ന കുട്ടികൾ ഉത്തരവാദിത്വബോധമുള്ളവരും അഭിപ്രായങ്ങൾ തുറന്നു പറയാൻ ധൈര്യമുള്ളവരും ആയിരിക്കുമെന്ന് പഠനങ്ങൾ പറയുന്നു. അഭിഷേകിൻറെ അച്ഛനമ്മമാർ ഇത്തരത്തിൽ ഉള്ളവരാണ്. 

4 തരവും പറഞ്ഞു കഴിഞ്ഞു. ഉത്തമമായ രീതിയും പറഞ്ഞു. പക്ഷേ എപ്പോഴും അതോറിറ്റേറ്റീവ് രീതി തന്നെ പിന്തുടർന്നാൽ അതും കുട്ടിക്ക് ഗുണകരമായി ഫലിക്കില്ല എന്നതാണ് വാസ്തവം. അതിശയമായോ? സ്ഥായിയായി ഒരേ രീതിയിൽ തന്നെ രക്ഷാകർത്തൃത്വം പിന്തുടർന്ന് പോരുന്ന രീതി ശെരിയല്ല. ഇവിടെ പറഞ്ഞിരിക്കുന്നത് 4 വയസ്സ് മുതൽ 12 വയസ്സ് വരെയുള്ള കുട്ടികളെ ഉദ്ദേശിച്ചുള്ളതാണ്. അതിൽ താഴെ പ്രായമുള്ളവർക്ക് permissive കൂടിച്ചേർന്ന athouritative parenting രീതിയാണ് വേണ്ടത്. ഇനി 12 വയസ്സിനു മുകളിൽ ഉള്ളവർക്ക് കുറച്ചു uninvolved രീതിയും അതോറിറ്റേറ്റീവിന്റെ കൂടെ ചേർക്കാം. ഇതു കുട്ടികളെ ആത്മവിശ്വാസമുള്ളവരാക്കുവാനും സ്വയം  പ്രാപ്തരാകുവാനും സഹായിക്കും. 

അഭിഷേകിനെ പോലുള്ള കുട്ടികളുണ്ടാകുമോ?  ഇതൊക്കെ ചുമ്മാ ഇങ്ങനെ കഥ പറയാൻ കൊള്ളാം. ഇങ്ങനെ ചിന്തിക്കുന്നവരാണ് ഏറിയ പങ്കും. കാരണം ഇന്ന് 70% കുട്ടികളും ആനന്ദിനെ പോലെയാണ് വളരുന്നത്. 15% കുട്ടികൾ സമീറിനെ പോലെയും, 10% ആന്റണിയെ പോലെയും. ബാക്കി വെറും 5% മാത്രം അഭിഷേകിനെ പോലെയും. അതുകൊണ്ടു തന്നെയാണ് അഭിഷേകിനെ പോലുള്ള കുട്ടികളെ മനസ്സിൽ പോലും ചിന്തിക്കാൻ ആളുകൾക്ക് കഴിയാതെ പോകുന്നത്. എല്ലാവരുടെയും മനസ്സിൽ കുട്ടികൾ എന്ന് പറഞ്ഞാൽ ആനന്തോ സമീറോ ആന്റണിയോ ആണ്. ഈ രീതിയിൽ നിന്നൊരു മാറ്റം നമ്മുടെ സമൂഹത്തിനു അനിവാര്യമാണെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ? തീർച്ചയായും അതിനുള്ള സമയം അതിക്രമിക്കുകയാണെന്ന് ഓരോ കുട്ടിയും വിളിച്ചോതുകയാണ്. 

ഇത് വായിക്കുന്ന നിങ്ങളോരോരുത്തരും ഒന്നു മനസ്സിരുത്തി ചിന്തിക്കണം. ഈ നാലു കൂട്ടരിൽ ഏതു തരമാണ് തന്നിലെ രക്ഷിതാവെന്നു.  ശാസിക്കുന്നതിനു മുമ്പ് അവരെ ഒന്ന് കേൾക്കാനും മർദിക്കുന്നതിനു മുമ്പ് സ്നേഹാദരവുകളോടെ കുഞ്ഞിളം കണ്ണുകളിൽ നോക്കി ഇളം ചിരിയോടെ പറഞ്ഞു തിരുത്താനും ഒരുവട്ടമെങ്കിലും നിങ്ങൾ മുതിർന്നാൽ ഞാൻ സംപ്രീതയായി.



12 comments:

Powered by Blogger.