കുട്ടികളെ സംബന്ധിച്ച ഒരു അതിപ്രധാന രഹസ്യം




ഒരു  ദിവസം വീട്ടിലെത്തിയ വിരുന്നുകാരിൽ ഒരു ചെറിയ കുഞ്ഞും ഉണ്ടായിരുന്നു. കുഞ്ഞിനെ എടുത്തു താലോലിച്ചു കൊണ്ടിരുന്ന എൻെറ പക്കലേക്ക് നാല് വയസ്സുകാരനായ എൻെറ മോൻ, മനു ഓടി വന്നു. വാവയെ കളിപ്പിക്കലായിരുന്നു അവൻെറ ലക്ഷ്യം. വിരുന്നുകാരിൽ ഒരാൾ പറഞ്ഞു. 'ഉ൦ ൦...വാവയെ അമ്മ എടുത്തത് ഒട്ടും ഇഷ്ടപ്പെട്ടില്ലെന്നു തോന്നുന്നു'. കുഞ്ഞുവാവയെ കളിപ്പിക്കാനായി ഉത്സാഹത്തോടെ ഓടി വന്ന അവൻെറ മുഖത്തു പെട്ടെന്ന് ഒരു ഇഷ്ടക്കേട് മിന്നി മറയുന്നത് ഞാൻ ശ്രദ്ധിച്ചു. 'ഏയ് ഇല്ലില്ല അവനു അങ്ങനെയൊന്നുമില്ല'. ഉടനെ തന്നെ ഞാൻ മറുപടിയെന്നോണം പറഞ്ഞു. അതു കേട്ടതും അവൻെറ മുഖത്തു ഒരു നിമിഷം നിഴലിച്ചു നിന്ന ആ സംശയം മാറി പ്രസന്നമായതും ഞാൻ ശ്രദ്ധിച്ചു. ഇല്ലില്ല എനിക്കങ്ങനെയൊന്നുമില്ല എന്നത് അവനും അംഗീകരിക്കുകയായിരുന്നു. 
ഈ അവസരത്തിൽ അതിഥിയുടെ വാക്കുകൾ ഞാൻ ശെരി വെച്ചിരുന്നെങ്കിലോ? 'ആഹ് അവനു ഞാൻ വേറെ ആരെയും എടുക്കുന്നത് ഇഷ്ടമല്ല' എന്ന് പറഞ്ഞിരുന്നെങ്കിലോ? വാവയെ എടുക്കരുത് എന്നൊരു താക്കീതോടെ ഒരുപക്ഷെ അവൻ കരയുമായിരുന്നു. 

ഇതിലെന്താണിത്ര പറയാനിരിക്കുന്നത് എന്നാണോ? ഇത് വായിക്കുന്ന 90% ആളുകൾക്കും അങ്ങനെയൊരു സംശയം തോന്നുന്നതിൽ അതിശയിക്കാനില്ല.കാരണം ഈ സന്ദർഭം ഇങ്ങനെ അല്ലെങ്കിൽ മറ്റൊരു തരത്തിൽ നമ്മുടെയൊക്കെ വീടുകളിൽ സർവ സാധാരണയായി നടക്കുന്നതാണ്. അപ്പോഴൊക്കെ  ആളുകളുടെ മുന്നിൽ തൻെറ കുട്ടിക്ക്  തന്നോടുള്ള സ്വാർത്ഥപൂർണ്ണമായ സ്നേഹത്തെ പച്ചയായി കാണിക്കാൻ കിട്ടിയ അസുലഭാവസരങ്ങളായി അതിനെയൊക്കെക്കണ്ടു എല്ലാം അംഗീകരിച്ചു കൊടുക്കുകയാണ് ഭൂരിഭാഗം ആളുകളും ചെയ്യുന്നത്. 


തലക്കെട്ടിൽ പറഞ്ഞ ആ രഹസ്യം അറിയാനുള്ള ധൃതിയിലാണ് നിങ്ങളെല്ലാം എന്നറിയാം. അവ്യക്തമായി ആ രഹസ്യം ഞാനിവിടെ പറഞ്ഞു കഴിഞ്ഞു എന്നതാണ് വാസ്തവം. ഇനി വ്യക്തമായി ഒന്ന് കൂടി പറയാം. കുട്ടികൾ കേൾക്കെ നമ്മൾ അവരെക്കുറിച്ചു എന്ത് പറയുന്നുവോ അക്ഷരംപ്രതി അവർ അങ്ങനെ തന്നെ ആകുന്നു. ചില ഉദാഹരണങ്ങൾ നോക്കാം.'ദേ അച്ഛൻ ആരെയാ എടുത്തേക്കുന്നതെന്നു നോക്കിക്കേ. ഇനി മോനൂസിനെ വേണ്ട അച്ഛനു' എന്ന് പറഞ്ഞു കുട്ടിയുടെ മനസ്സിൽ സ്വാർത്ഥത കുത്തിനിറക്കുന്നവർ ഇല്ലേ? മൂത്ത കുട്ടി അച്ഛൻെറ മടിയിൽ ഒന്നിരുന്നാൽ, അമ്മയുടെ അടുത്തൊന്നിരുന്നാൽ അതൊക്കെ ഇളയാൾക്ക് ഇഷ്ടമല്ലെന്നു ആളുകളുടെ മുന്നിൽ ഇരുന്നു വിളിച്ചോതുന്ന മാതാപിതാക്കൾ ഇല്ലേ . അച്ഛൻെറ  അടുത്ത് ചേർന്നിരുന്നു കുട്ടിയെ നോക്കി 'അച്ഛൻ എൻെറയാണുട്ടോ' എന്നു കുട്ടി തിരിച്ചു 'അല്ല എൻെറയാണ്' എന്ന് പറയുന്നത് വരെ ആവർത്തിക്കുന്ന അമ്മമാർ ഇല്ലേ. അച്ഛൻ ജോലിക്കു പോകുമ്പോൾ 'അയ്യോ വാവയെ കൊണ്ടുപോയില്ലല്ലോ', 'അച്ഛൻ പോയല്ലോ ഇനിയെന്ത് ചെയ്യും' എന്നൊക്കെ പറഞ്ഞു കുട്ടിയെ കരയിച്ചു,  അതിൽ ആനന്ദം കണ്ടെത്തുന്ന അമ്മമാർ ഇല്ലേ. തീർച്ചയായും ആ കുട്ടി അച്ഛൻ പുറത്തേക്ക് പോകുമ്പോഴൊക്കെ കരഞ്ഞിരിക്കും. തനിക്കും കൂടെ പോകണം എന്ന് വാശി പിടിക്കും. കുട്ടിയെ ഇങ്ങനെയൊക്കെ ചെയ്യിക്കുകയും പറയിക്കുകയും വഴി കുട്ടിക്ക് തങ്ങളോടുള്ള സ്നേഹം കൂടുകയാണെന്ന് നിങ്ങൾ തെറ്റിദ്ധരിക്കുകയാണ്. സത്യത്തിൽ നിങ്ങൾ കുട്ടിയെ സ്വാർത്ഥനാക്കുകയാണ് ചെയ്യുന്നത്. അവൻ അങ്ങനെയാണെന്ന് മറ്റുള്ളവരോട് പറയുക വഴി, അവിടെ കുട്ടിക്ക് നിങ്ങളോടുള്ള സ്നേഹമല്ല വ്യക്തമാകുന്നത്, മറിച്ചു നിങ്ങളുടെ കുട്ടി അത്രമേൽ സ്വാർത്ഥനാണെന്ന് നിങ്ങൾ യഥാർത്ഥത്തിൽ ആളുകളോട് വിളിച്ചോതുകയാണ് ചെയ്യുന്നത്. 

ഇങ്ങനെ നമ്മൾ തന്നെ കുഞ്ഞുനാൾ മുതൽ train ചെയ്യുന്ന കുട്ടികൾ സ്വാർത്ഥരാകാതിരിക്കുന്നത് എങ്ങനെയാണ്. വേറൊരു കുട്ടിയെ താലോലിക്കുന്നത് കാണുമ്പോൾ  നമ്മുടെ കുട്ടിക്ക് എങ്ങനെയാണ് അത് ഉൾക്കൊള്ളാൻ കഴിയുക. അച്ഛൻ തൻെറ മാത്രമാണെന്നുള്ള സന്ദേശം അവരുടെ ഉപബോധ മനസ്സിലേക്ക് കൈമാറിയിട്ടു പെട്ടെന്ന് തനിക്കു താഴെ വേറൊരാൾ വരുമ്പോൾ അതിനെ ഉൾക്കൊള്ളാൻ എങ്ങനെയാണ് മൂത്തകുട്ടിക്ക് കഴിയുക. അവൾ ആർക്കും ഒന്നും കൊടുക്കില്ല എന്ന് കുട്ടി കേൾക്കെ ഒരു രണ്ടു വട്ടം പറഞ്ഞിട്ട് കുട്ടി ആർക്കും ഒന്നും കൊടുക്കാത്തതിനെച്ചൊല്ലി പരാതിപ്പെട്ടിട്ട് എന്ത് കാര്യം.

ഇവിടെ ചില ഉദാഹരണങ്ങൾ നിരത്തി പറഞ്ഞു എന്ന് മാത്രം. കുട്ടിയെക്കുറിച്ചു നമ്മൾ വേവലാതിപ്പെടുന്ന എന്ത് തന്നെ കാര്യം ആയാലും അതിൻെറയൊക്കെ പിന്നിൽ ഇങ്ങനെ ഒരു കാര്യം ഒളിഞ്ഞു കിടക്കുന്നത് നിങ്ങൾ സൂക്ഷിച്ചൊന്നു വിലയിരുത്തിയാൽ പിടികിട്ടും. അതിനി കുളിക്കാനുള്ള മടിയാണെങ്കിലും, പല്ലുതേക്കാനുള്ള മടിയാണെങ്കിലും, നഖം വെട്ടാനുള്ള മടിയാണെങ്കിലും, പഠിക്കുന്ന കാര്യത്തിലെ മടിയാണെങ്കിലും ശെരി, കുട്ടിയുടെ മുന്നിൽ വെച്ചു എത്രയോ തവണ നമ്മൾ പറയുന്നു 'ഹോ ഇനി ഒന്ന് കുളിപ്പിച്ചെടുക്കുന്ന കാര്യം ഓർക്കുമ്പോഴാ', 'പല്ലു തേപ്പിക്കുന്ന പാട് എന്താണെന്ന് എനിക്കറിയാം', 'പഠിക്കാൻ വിളിച്ചാൽ മാത്രം ചെവി കേൾക്കില്ല'...... ഇങ്ങനെയുള്ള പ്രതികരണങ്ങൾ ഓരോ വീട്ടിലും സ്ഥിരമായിട്ട് ഉപയോഗത്തിൽ വരുന്നതാണ്. ഇതൊക്കെ കുട്ടി അറിയാതെ തന്നെ ഉൾക്കൊള്ളുന്നു എന്നതാണ് സത്യം. 
ഓർക്കുക..കുട്ടിയുടെ ഓരോ ചലനത്തിന് പിന്നിലും വ്യക്തമായ ഓരോ പിന്നാമ്പുറ കാരണമുണ്ട്. 



8 comments:

Powered by Blogger.