നിങ്ങളുടെ കുട്ടി വാശിപിടിച്ചു നിലത്തു കിടന്നു ഉരുളാറുണ്ടോ? രക്ഷിതാക്കൾ വായിക്കാതെ പോകരുത്!

മക്കളെ എങ്ങനെ വളർത്തണം എന്നതിനെ കുറിച്ച് *ഘോരഘോരം* പോസ്റ്റുകൾ ഷെയർ ചെയ്യുന്നവരാണ് നമ്മൾ എല്ലാവരും. അതൊക്കെ വായിച്ചു സായുജ്യമടയുക എന്നതല്ലാതെ പ്രാവർത്തികമാക്കാൻ ആരും തന്നെ മെനക്കെടാറില്ല എന്നതാണ് വാസ്തവം.അടുത്തിടെ വാട്സാപ്പിൽ വായിച്ച ഒരു പോസ്റ്റിന്റെ പ്രസക്ത ഭാഗം ഇങ്ങനെ...

'ഒരു ബന്ധുവിന്റെ വീട്ടിൽ ചെന്നപ്പോൾ 3  വയസ്സുള്ള ഒരു കുട്ടിയെ കണ്ടു . ആ കുഞ്ഞിന് പഞ്ചസാര  വേണം . അമ്മ കൊടുക്കാൻ തയ്യാറായി . പക്ഷെ മുത്തശ്ശി സമ്മതിച്ചില്ല . കുട്ടി കരഞ്ഞു വീടുപൊളിച്ചിട്ടും മുത്തശ്ശി അനങ്ങാതായപ്പോൾ ഞാൻ പതുക്കെ ഇടപെട്ടു. പക്ഷെ അവർ വഴങ്ങിയില്ല " ലോകത്ത് ഒരുകുട്ടിയും പഞ്ചസാര  കിട്ടാത്തതുകൊണ്ട് കരഞ്ഞു മരിച്ചിട്ടില്ല' എന്നായിരുന്നു അവരുടെ ഉത്തരം .  അവർപറയുന്നതിലും  കാര്യമില്ലേ?  ലോകം മുഴുവൻ കുട്ടികളുടെ(പിടി) വാശിക്ക് നിൽക്കണമെന്ന് പറഞ്ഞാൽ കുട്ടിക്ക് വലുതായാലും സങ്കടപ്പെടാനേ നേരം കാണൂ'

ഇതിലെ മുത്തശ്ശിയെ പോലെ ആയിരുന്നു എല്ലാവരുമെങ്കിൽ വരും തലമുറ രക്ഷപ്പെട്ടേനെ.പക്ഷെ സ്ഥിതി അങ്ങനെയല്ലല്ലോ.കുട്ടികൾ കരയാനെ പാടില്ലെന്ന് നിർബന്ധബുദ്ധി ഉള്ളവരാണ് നമുക്ക് ചുറ്റുമുള്ള ഭൂരിഭാഗം ആളുകളും.എന്ത് വിചിത്ര കാര്യത്തിന് വേണ്ടി കുട്ടി കരഞ്ഞാലും എത്ര ബുദ്ധിമുട്ട് സഹിച്ചും അത് സാധ്യമാക്കാൻ ആരെങ്കിലുമൊരാൾ സദാ സന്നദ്ധമായിട്ടുണ്ടാകും. നനഞ്ഞയിടം കുഴിക്കാൻ കുട്ടികളെക്കാൾ മിടുക്കരും വേറെയില്ല.പലതവണ കാര്യം സാധിച്ചു കഴിഞ്ഞാൽ, കരഞ്ഞാൽ തനിക്കു എല്ലാം സാധിക്കും എന്ന് കുട്ടി അറിയാതെ വിശ്വസിക്കുന്നു.അതവർ പിന്നീട് ഒരായുധം ആക്കുകയും ചെയ്യുന്നു.വീട്ടിൽ ആരുമറിയാതെ അങ്ങനെ തട്ടീം മുട്ടീം പോകുന്ന ഈ സാധാരണ സംഭവങ്ങളുടെ ഗതി മാറുന്നത് പിന്നീടാണ്.പ്രായാനുസൃതമല്ലാതെ കുട്ടി കാട്ടിക്കൂട്ടുന്ന കസർത്തുകൾ കണ്ടു മറ്റുള്ളവർ മൂക്കത്തു വിരൽ വയ്ക്കുമ്പോൾ കണ്ടുനിന്നു നെടുവീർപ്പിടാം എന്നല്ലാതെ അന്നേരം ശാസിച്ചു കുട്ടിയെ നേരെയാക്കാമെന്ന് വിചാരിക്കരുത്. അമിത ലാളന ഏറ്റു വളരുന്ന കുട്ടി ഒരുപാട് മനസികപിരിമുറുക്കവും സ്വഭാവ വൈകല്യങ്ങളും ഉള്ളവരായി കാണാറുണ്ട്.

വാശി പിടിച്ചു കരയുന്ന കുട്ടികളെ നിങ്ങൾ കണ്ടിട്ടുണ്ടോ? വളരെ hysteric ആയി ഉറഞ്ഞു തുള്ളുന്ന ഇവരെക്കണ്ടാൽ ആരും പേടിച്ചുപോകും.മണിക്കൂറുകളോളം നിർത്താതെ കരയുകയും നിലത്തു കിടന്നുരുളുകയും ചെയ്യുന്ന കുട്ടികളുണ്ട്.ഇക്കൂട്ടർ വാശിയുടെ അങ്ങേ തലത്തിൽ നിൽക്കുന്നവരാണ്.സ്വിച്ചിട്ട പോലെ ഈ കരച്ചിൽ നിൽക്കുകയും ചെയ്യും എന്നതാണ് അതിശയം.രണ്ടു മണിക്കൂർ നിർത്താതെ കരഞ്ഞ കുട്ടിയാണ് ഈ നിൽക്കുന്നതെന്ന് കണ്ടാൽ പറയുക കൂടിയില്ല. കുട്ടിയുടെ പ്രകടനം കണ്ടു ഞെട്ടിത്തരിച്ചു കൊച്ചിന് എന്തെങ്കിലും ആയിപ്പോകുമോ എന്ന് പേടിച്ചു മരുമകളോട് മോളെ അതങ്ങോട്ട്  കൊടുത്തേക്ക് എന്ന് പറയുന്നവരാണ് അധികവും.അച്ഛനമ്മമാർ strong ആകുന്നിടത് വില്ലനായി മുത്തച്ഛനോ മുത്തശ്ശിയോ കാണും.ഇനി അവർ strong ആണെങ്കിലോ വില്ലൻ ആകുന്നത് അച്ഛനോ അമ്മയോ ആകും.നാലാളും strong ആകുന്നിടത്ത് കുട്ടിക്ക് പിടിവാശി കാണിക്കാൻ chance കിട്ടാതെ പോകുന്നു.ഒരാൾ മാത്രം മതി കുഴിക്കാൻ പാകത്തിന്.ബാക്കി വേണ്ടവിധം നനച്ചു കുഴികുത്താൻ മിടുക്കരാണ് കുട്ടികൾ.എത്ര തന്നെ വാശിപിടിച്ചു കരഞ്ഞാലും കുട്ടിക്ക് ആ കാര്യം ചെയ്തുകൊടുക്കാതിരിക്കുക എന്നത് മാത്രമാണ് ഇതിന്റെ പ്രതിമരുന്ന്.ഈ വിഷയത്തെ പ്രതിപാദിച്ചുകൊണ്ടു മാനസീകാരോഗ്യവിദഗ്ദർ ഇടുന്ന വീഡിയോകളിൽ വിമർശന കമന്റുകളും കാണാറുണ്ട്.കുട്ടിയുടെ കരച്ചിൽ കണ്ടു കണ്ണും പൂട്ടിയിരിക്കാൻ തന്റെയത്ര കല്ലല്ല എന്റെ മനസ്സെന്നു ചിലർ.ഒരു കൊച്ചിനെ താൻ പറഞ്ഞപോലെ വളർത്തിക്കാണിച്ചിട്ട് ഇങ്ങനൊക്കെ പ്രസംഗിച്ചോ എന്ന് വേറെ ചിലർ. ഇതൊക്കെ പറയാനേ പറ്റു പ്രാബല്യത്തിൽ വരുത്താൻ പറ്റില്ലെന്ന് മറ്റു ചിലർ. ഇവരോടൊക്കെ പറയാൻ ചിലതുണ്ട്.വാശിപിടിച്ചു കരയുന്ന കുട്ടിക്ക് കാര്യം സാധിപ്പിച്ചു കൊടുക്കാതിരിക്കുക മാത്രമല്ല ചെയ്യേണ്ടത്. കുട്ടി നല്ല ശീലത്തിൽ ഇരിക്കുമ്പോൾ മോനോട് ഒരുപാട് സ്നേഹമുള്ളത് കൊണ്ടാണ് അച്ഛനും അമ്മയും അത് തരാതിരുന്നതെന്നും നല്ല കുട്ടിയായി വളരാൻ വേണ്ടിയാണെന്നും ഒക്കെയുള്ള സന്ദേശങ്ങൾ പ്രായത്തിനനുസരിച്ചു കുട്ടിയിലേക്കെത്തിക്കാൻ അച്ഛനമ്മമാർക്ക് കഴിയണം. അല്ലാത്ത പക്ഷം അമിതലാളന ഏറ്റുവളർന്ന കുട്ടി പെട്ടെന്നൊരു ദിവസം താൻ എത്ര കരഞ്ഞിട്ടും അച്ഛനും അമ്മയും തിരിഞ്ഞു നോക്കുന്നില്ലെന്നു കണ്ടു മാനസിക പിരിമുറുക്കം നേരിടാനുള്ള സാധ്യതയുണ്ട്. 3 വയസ്സായ മകനുള്ള ഒരമ്മയാണ്  ഇപ്പോൾ ഞാൻ. ഈ പറഞ്ഞതെല്ലാം നടക്കാത്ത കാര്യമല്ലെന്ന് അടിവരയിട്ടു പറയുവാനും എനിക്ക് സാധിക്കും.

ഇതൊക്കെ ഇത്ര ആധികാരികമായിട്ടു പറയാൻ ഞാനാരെന്നു നിങ്ങൾ ഇപ്പോൾ ചിന്തിക്കുന്നുണ്ടാകും. ഡിഗ്രിക്ക്  zoology വിഷയമാക്കിയ ഞാൻ അവിചാരിതമായിട്ടാണ്  post graduation MSW(Masters in Social Work) ചെയ്യുന്നത്. Medical & Psychiatric Social Work ആയിരുന്നു specialisation. കളമശ്ശേരിയിലെ രാജഗിരി കോളേജിൽ,  റിസർചിനെയും സൈക്കോളജിയേയും ജീവവായു ആക്കിയ എന്റെ അഭിവന്ദ്യ ടീച്ചർ Fr.സാജുവിന്റെ  Saju Madavan സൈക്യാട്രി ക്‌ളാസ്സുകൾ എന്നെ ആ വിഷയത്തിലേക്ക് കൂടുതൽ അടുപ്പിച്ചു. പരീക്ഷയ്ക്ക് എഴുതി ജയിക്കാൻ മാത്രമുതകുന്ന വെറും ക്ലാസുകൾ ആയിരുന്നില്ല അവ. പഠിച്ചു പുറത്തിറങ്ങുന്ന ഒരു സൈക്യാട്രിക് സോഷ്യൽ വർക്കറിന് എന്തൊക്കെ അറിവുകളും പ്രവർത്തന പരിചയവും ആവശ്യമാണോ അതെല്ലാം അദ്ദേഹം ഞങ്ങൾ 12 പേർക്കും നൽകി. നാല് ചുവരുകൾക്കുള്ളിൽ ഒതുങ്ങിയിരുന്നു കേൾക്കുന്ന ക്ലാസുകൾ മാത്രമാക്കി ഒതുക്കുകയല്ല അദ്ദേഹം ചെയ്തത്. സ്‌കൂളുകളിലേക്കും സൈക്കിയാട്രിക് ഹോസ്പിറ്റലുകളിലേക്കും ഞങ്ങളെ കൊണ്ടുപോയി. പ്രശ്‌നബാധിതരെ പരിപൂർണ്ണമായും ഞങ്ങൾ ഓരോരുത്തരെയും ഏല്പിച്ചു. എങ്ങനെയാണ് ഓരോ കേസും കൈകാര്യം ചെയ്യേണ്ടതെന്നും എന്ത് തരം ഇന്റെർവെൻഷനാണ് ഓരോ കേസിനും ചെയ്യേണ്ടതെന്നും ഉള്ള അവബോധം നൽകി അദ്ദേഹം ഞങ്ങളെ പ്രാപ്തരാക്കി.ഈ ചെയ്തികൾ എന്നെ child psychiatry യിലേക്ക് അടുപ്പിച്ചു. മനഹിതം എന്നോ law of attraction എന്നോ പറയാം.കോഴ്സ് കഴിഞ്ഞു ജോലി നോക്കിയ സ്ഥാപനവും child centred ആയിരുന്നു.ഒരു തുടക്കക്കാരിയായിരുന്നിട്ടു കൂടി CEO madam Meera Abhimanyu എനിക്ക് കേസുകൾ തന്നു. Clinical psychologist - psychiatric social worker ego ക്ലാഷ് ഒരു പരസ്യമായ രഹസ്യമാണെങ്കിലും ഓഫീസിലെ എന്റെ സീനിയർ സൈക്കോളജിസ്റ് Mrs. Sissy Sasidharan എനിക്ക് എന്നും പ്രചോദനമായിരുന്നു. അവർ ഇന്നും എനിക്കൊരത്ഭുതമാണ്. പിന്നീടങ്ങോട്ടുള്ള എന്റെ പ്രായോഗിക പരിജ്ഞാനം അവിടെ നിന്നായിരുന്നു. പ്രശ്ന ബാധിതരായ ഒരുപാട് മാതാപിതാക്കളെയും കുട്ടികളെയും അവിടെ ഞാൻ കണ്ടു. അവർക്കിടയിൽ പ്രവർത്തിച്ചു.സങ്കീർണമായ പ്രശ്നങ്ങൾക്ക് വേണ്ട കൈത്താങ്ങായി ഒരു ഫോൺ കോളിനപ്പുറം എന്നും സാജു അച്ചനുണ്ടായിരുന്നു.  നിസ്സാരമെന്നു കരുതി നമ്മൾ കുട്ടികളോട് പറയുന്ന ഓരോ വാക്കും പ്രവർത്തിയും കുട്ടിയുടെ മനസ്സിൽ ഉണ്ടാക്കുന്ന മുറിപ്പാട് എത്ര ആഴമുള്ളതാണെന്ന് ഒരു ഞെട്ടലോടെയാണ് അവിടെ വെച്ചു ഞാൻ തിരിച്ചറിഞ്ഞത്. ഓരോ കേസും ഒരുപാട് പാഠങ്ങൾ പഠിപ്പിച്ചു. വളർന്നു വരുന്ന ഈ കുട്ടികൾക്കിടയിൽ പ്രവർത്തിക്കുമ്പോൾ, അവർക്കിടയിൽ ഒരു മാറ്റം ജനിപ്പിക്കാൻ കാരണക്കാരിയാകുമ്പോൾ മനസ്സിന് ലഭിക്കുന്ന സന്തോഷവും സംതൃപ്തിയും പറഞ്ഞറിയിക്കാൻ പറ്റാത്തതാണ്. അവിടെ വെച്ചു ഞാൻ എന്റെ പ്രവർത്തന മേഖല തീർച്ചപ്പെടുത്തി.(ഇത്രയും പറഞ്ഞത് എന്റെ അനുഭവം പ്രകീർത്തിക്കാനല്ല, ഇതൊക്കെ പറയാൻ നീയാരാണെന്ന് കണ്ണുമിഴിക്കുന്നവർ അറിയാനാണ്)

കുട്ടികളോടുള്ള എന്റെ കാഴ്ചപ്പാടിനും അവരോടുള്ള പെരുമാറ്റരീതിയിലും അങ്ങനെ മാറ്റം കുറിക്കപ്പെട്ടു. ചുറ്റുപാടുമുള്ള ഓരോ കുട്ടിയേയും അവർ വളർന്നു വരുന്ന ചുറ്റുപാടിനെയും സസൂക്ഷ്മം നിശബ്ദം വീക്ഷിച്ചു.
കുട്ടികൾ കളിമണ്ണ് പോലെയാണ്. ഓട്ടയുള്ള കലമാക്കണോ അതിമനോഹരമായ ശില്പമാക്കണോ എന്നു തീരുമാനിക്കുന്നത് നമ്മൾ മാതാപിതാക്കളും കുട്ടി വളർന്നു വരുന്ന ചുറ്റുപാടുമാണ്. കളിമണ്ണ് ഒരിക്കൽ ഉറച്ചുപോയാൽ പിന്നെ അതിലൊരു മാറ്റം വരുത്തൽ ശ്രമകരമാണ്. ഉടച്ചു കളയാനെ തരമുള്ളു. അതുപോലെ, കുട്ടികളുടെ ആദ്യത്തെ ആറു വയസ്സുവരെയുള്ള കാലഘട്ടം അതീവ പ്രാധാന്യമർഹിക്കുന്നതാണ്. ആ കാലയളവിൽ അവർ സ്വാംശീകരിക്കുന്ന മൂല്യങ്ങളായിരിക്കും ജീവിതാന്ത്യം വരെ അവരുടെ കുടെയുണ്ടാവുക. കേട്ടിട്ടില്ലേ, ചൊട്ടയിലെ ശീലം ചുടല വരെ!

നിങ്ങൾ അവരെ അമിതമായി സ്നേഹിച്ചോളൂ പക്ഷെ അമിതമായി ലാളിക്കരുത്. അവർ തീയിൽ കുരുക്കട്ടെ അപ്പോൾ വെയിലത്ത്‌ വാടില്ല....

10 comments:

Powered by Blogger.