സ്കൂൾ ബസ് പ്രവണത കൊണ്ട് കുട്ടികൾക്ക് നഷ്ടപ്പെടുന്നത് എന്തെന്നറിയുമോ? രക്ഷിതാക്കൾ അറിഞ്ഞിരിക്കണം




മക്കളുള്ള ഏതൊരാൾക്കും ആശ്ചര്യവും അതിലുപരി ആശങ്കയും ജനിപ്പിക്കുന്ന തരം വാർത്തകളാണ് ദിനംപ്രതി കേട്ടുകൊണ്ടിരിക്കുന്നത്. കുട്ടികളെ കേന്ദ്രീകരിച്ചു നടമാടിക്കൊണ്ടിരിക്കുന്ന തിരോഥാനങ്ങളും പീഡനങ്ങളും ഏതൊരു രക്ഷിതാവിന്റെയും ഉറക്കം കെടുത്തുന്നതാണ്. ഏറ്റവും ഒടുവിലുണ്ടായ ദേവനന്ദ എന്ന കുട്ടിയുടെ വാർത്ത ഞെട്ടലുളവാക്കുന്നതായിരുന്നു. ദുരൂഹതകളേറിയ ഈ വാർത്ത കേരളമൊട്ടാകെയുള്ള മാതാപിതാക്കളെ ഭീതിയിലാഴ്ത്തി എന്നു വേണം പറയാൻ. മക്കളുടെ സുരക്ഷയെക്കുറിച്ചോർത്തു ഏവർക്കും ഇപ്പോൾ പരിഭ്രാന്തിയാണ്. വീടിൻെറ മതിൽക്കെട്ടിനു ഉയരം കൂട്ടാനും, ഗേറ്റും ഉമ്മറവാതിലും ഏതുനേരവും അടച്ചിടാനും, കടിക്കുന്ന ഒരു പട്ടിയെ വീട്ടിൽ വളർത്താനും, വീട്ടിൽ ഒരു ക്യാമറ സ്ഥാപിക്കാനും ഒക്കെ ഇതിനോടകം ഓരോരുത്തരും തീരുമാനിച്ചു കഴിഞ്ഞു. നല്ലതുതന്നെ. പക്ഷെ ഇതൊക്കെ പ്രശ്ന  പരിഹാരത്തിനുതകുന്ന ശാശ്വതമായ വഴികളാണോ? ദേവനന്ദയുടെ വാർത്തയെ ചുറ്റിപ്പറ്റി വന്ന അനേകം പോസ്റ്റുകളിൽ കുറേപ്പേർ അമ്മമാരെ ശാസിച്ചു. കുട്ടികൾ ഉറങ്ങുന്ന നേരത്ത് മാത്രം വീട്ടിലെ ജോലികൾ ചെയ്തു തീർക്കാൻ ചില മഹാൻമാർ ഉപദേശിച്ചു. ദേവനന്ദയ്ക്ക് ആറു വയസ്സായിരുന്നു എന്നോർക്കണം. ഇതെത്രമാത്രം പ്രായോഗികമാണ്? കുട്ടി ഉറങ്ങുന്ന ഏതാനും മണിക്കൂറുകൾ കൊണ്ടുമാത്രം ചെയ്തു തീർക്കാവുന്ന ഒന്നാണോ വീട്ടിലെ ജോലികൾ. ഇനി അഥവാ കുട്ടിയെ ഓരോ സെക്കന്റിലും കണ്ണിമ വെട്ടാതെ നോക്കിയിരുന്നു എന്നു വിചാരിക്കുക. എന്താകും ആ കുട്ടിയുടെ മാനസികാരോഗ്യം. വീടിനുള്ളിൽ എങ്ങനെയും നമുക്ക് കുട്ടികളെ സൂക്ഷിക്കാം എന്നിരുന്നാലും അതോടെ അവർ സുരക്ഷിതത്വത്തിലായി എന്നു പറയാൻ സാധിക്കുമോ? ഓരോ വേറിട്ട ആവശ്യങ്ങൾക്കായി നിത്യേന വീടിനു വെളിയിൽ പോകുന്ന നമ്മുടെ മക്കളുടെ സുരക്ഷയ്ക്ക് ഇവ എത്രമാത്രം പര്യാപ്തമാണ്? പ്രധാനാധ്യാപകൻ ലൈംഗികമായി പീഡിപ്പിച്ച നാലാം ക്‌ളാസുകാരിയുടെ വാർത്ത ഈ ദിവസങ്ങളിൽ തന്നെയാണ് നമ്മൾ വായിച്ചത് എന്നോർമ വേണം. ഉറ്റവർ തന്നെ വില്ലൻ ആകുമ്പോൾ അപരിചിതരെ സൂക്ഷിക്കണം എന്നു കുട്ടികളെ പറഞ്ഞു പഠിപ്പിക്കുന്നതിൽ എന്തർത്ഥമിരിക്കുന്നു. അവർ അഭിമുഖീകരിക്കേണ്ട സാഹചര്യങ്ങളെ എപ്പോഴും അനുകൂലമാക്കിയെടുക്കുവാനും അല്ലെങ്കിൽ പ്രതികൂല സാഹചര്യങ്ങളിലെല്ലാം അവരുടെ കൂടെ നിഴലുപോലെ ഉണ്ടായിരിക്കുവാനും നമുക്ക് സാധ്യമാണോ. തീർച്ചയായും അല്ല. അപ്പോൾ മാറ്റങ്ങൾ വരുത്തേണ്ടത് സാഹചര്യങ്ങൾക്കല്ലെന്നുള്ളത് തീർച്ച. പിന്നെവിടെയാണ് മാറ്റം വരുത്തേണ്ടത്?  എങ്ങനെയാണ്?

മാറ്റങ്ങൾ വരുത്തേണ്ടത് എവിടെ? എങ്ങനെ ? 
എന്റെ കുട്ടിയെ പ്രൈവറ്റ് ബസിൽ കേറ്റി വിടാനോ? മിക്ക രക്ഷിതാക്കൾക്കും അതൊരു 'ബാലികേറാ മല'യാണ്. അതുകൊണ്ടുതന്നെ ഈ വിഷയം വിലയിരുത്തേണ്ടത് അത്യന്താപേക്ഷിതമാണ്. കഴിഞ്ഞ വളരെ കുറച്ചു വർഷങ്ങൾ കൊണ്ട് സ്കൂൾ ബസ് പ്രവണത ഏതാണ്ട് പൂർണ സാക്ഷരത കൈവരിച്ച പോലെ ഒരവസ്ഥയിലാണ്. സ്കൂൾ ബസിൽ അല്ലാതെ പോകുന്ന കുട്ടികൾ വളരെ വിരളം. മക്കളുടെ സുരക്ഷയും അതിലുപരി സൗകര്യവും മുൻനിർത്തിയാണ് മാതാപിതാക്കൾ സ്കൂൾ ബസിനെ ആദ്യപരിഗണനയിൽ ഉൾപ്പെടുത്തുന്നത്. എന്നാൽ സ്കൂൾ ബസ് അപകടങ്ങൾ നമ്മൾ കേൾക്കാതെയില്ല, സ്കൂൾ ബസ് ഡ്രൈവർ കുട്ടിയെ പീഡിപ്പിച്ചു എന്നതും അന്യമല്ലാതായിക്കൊണ്ടിരിക്കുന്നു എന്ന വസ്തുതയും ഇത്തരുണത്തിൽ ഓർമപ്പെടുത്തട്ടെ. സൗകര്യം മുൻനിർത്തി നമ്മൾ സ്കൂൾബസിൽ കുട്ടിയെ വിടുമ്പോൾ അതിലൂടെ കുട്ടിക്ക് നഷ്ടപെടുന്ന ചില കാര്യങ്ങളുണ്ട്.

സ്വന്തമായി യാത്ര ചെയ്തു സ്കൂളിൽ പോകുന്ന കുട്ടിയും മറ്റു കുട്ടികളും തമ്മിലുള്ള വ്യത്യാസം  

 സ്കൂൾ ബസ്
  • കുട്ടിയുടേതായ ഒരു കരുതലും ഇവിടെ ആവശ്യമില്ല
  • ആളുകളുമായിട്ടുള്ള സമ്പർക്കം കുറയ്ക്കുന്നു 
  • സ്ഥിരം കാണുന്ന ആളുകളും സ്ഥിരം രീതികളും കുട്ടികൾക്കു അമിത സുരക്ഷ നൽകുന്നു 
  • സ്ഥലവും വഴിയും സ്ഥലനാമങ്ങളും ശ്രദ്ധിക്കേണ്ടതിന്റെ ആവശ്യകതയില്ല 
  • തനിയെ റോഡ് ക്രോസ്സ് ചെയ്യാനും റോഡ് നിയമങ്ങൾ  പഠിക്കാനുമുള്ള അവസരം നഷ്ടപ്പെടുന്നു  
  • അപ്രതീക്ഷിതമായി ഒറ്റപെട്ടു പോകുകയോ തനിയെ യാത്ര ചെയ്യേണ്ടി വരികയോ ചെയ്താൽ കുട്ടി ഭയന്ന് വിറയ്ക്കുന്ന അവസ്ഥയ്ക്ക് വഴിയൊരുക്കുന്നു. 
പ്രൈവറ്റ് ബസ്
  • തനിയെയുള്ള യാത്രകൾ കുട്ടികൾക്ക് കൊടുക്കുന്ന മനോബലം ഒന്നു വേറെ തന്നെയാണ് 
  • സ്വന്തം സ്ഥലത്തേക്കുള്ള ബസ് കണ്ടുപിടിക്കുന്നതും അതിൽ കയറിപ്പറ്റുന്നതും ശ്രമകരമാണ്. ഇതിൽ വിജയിക്കുന്ന കുട്ടിക്ക് ആത്മവിശ്വാസം കൈമുതലായി കിട്ടുന്നു 
  • ഒരുപാട് ആളുകളുമായി ഇടപഴകാൻ അവസരം ലഭിക്കുന്ന കുട്ടിക്ക് ആളുകളെ മനസ്സിലാക്കാനും അതിലുപരി അളക്കാനും സാധിക്കുന്നു 
  • അശ്ലീല സംസാരങ്ങളും ലൈംഗിക ചേഷ്ടകളും അഭിമുഖീകരിക്കേണ്ടി വരുന്ന കുട്ടിക്ക് പ്രതികരിക്കാൻ കഴിഞ്ഞില്ലെങ്കിൽ കൂടി ഏതു വിധേനയും തരണം ചെയ്യുന്നു. ഒന്നുമില്ലെങ്കിലും അത്തരക്കാരെ ഒറ്റനോട്ടത്തിൽ കുട്ടിക്ക് മനസ്സിലാക്കാൻ സാധിക്കുന്നു 
  • സ്ഥലവും വഴിയും കുട്ടിക്ക് മനഃപാഠം 
  • റോഡ് ക്രോസ്സ് ചെയ്യാനും റോഡ് നിയമങ്ങളും കുട്ടി പഠിക്കുന്നു 
  • അപ്രതീക്ഷിതമായി നേരിടേണ്ടി വരുന്ന യാത്രാതടസ്സങ്ങൾ ഏതുവിധേനയും കുട്ടി തന്നെ നേരിടുന്നു. ബസ് കേടാകുകയോ റോഡ് തടസ്സം വന്നു യാത്ര ബുദ്ധിമുട്ടിലാവുകയോ ചെയ്യുമ്പോൾ കുട്ടി തന്നെ പോംവഴി കാണുന്നു 
  • സ്വയം രക്ഷ കുട്ടിയുടെ തന്നെ ബാധ്യത ആയി മാറുന്നു 
പ്രൈവറ്റ് ബസ് യാത്രകൾ നമ്മുടെ മക്കളെ ഒരുപാട് പഠിപ്പിക്കുന്നുണ്ട്. സ്കൂൾ ബസിലെ യാത്ര പോലെ അത്ര സുഖകരമല്ല ലൈൻ ബസ് യാത്രകൾ. യാതനയുണ്ട്...എന്നാലോ അതിലേറെ മനക്കരുത്തും!

പെട്ടെന്നൊരു ദിവസം കുട്ടിയെ തനിച്ചു ബസിൽ കേറ്റി വിട്ടു ഉണ്ടാക്കിയെടുക്കാവുന്ന ഒന്നല്ല ഈ മനക്കരുത്ത്. മുട്ടിലിഴയുന്ന കുഞ്ഞിൻെറ മുട്ട് വേദനിക്കും എന്നോർത്തു അവനെ താഴെയിറക്കാതെയിരുന്നാൽ എങ്ങനെയുണ്ടാകും. അവിടെ തുടങ്ങുന്നതാണ് അവൻെറ  മനക്കരുത്ത്. പരാശ്രയമില്ലാതെ നടക്കാൻ തുടങ്ങുമ്പോൾ താൻ അജയ്യനായെന്നു കരുതുന്ന അവൻെറ കുഞ്ഞുമനസ്സിനെ പിടിച്ചുലയ്ക്കുന്നതാണ് നമ്മൾ കാണിക്കുന്ന അമിത ശ്രദ്ധ. വീഴുമെന്നോർത്ത് മടിയിലൊതുക്കി നിർത്താതെ അവനെ സ്വതന്ത്ര്യനാക്കി വിടൂ. അവൻ പിച്ച വെച്ച് നടക്കട്ടെ, ഇടയ്ക്കു വിറച്ചു വീഴട്ടെ, ദൃഢമുള്ള ചുവടുവെപ്പിന് ഈ വീഴ്ചകൾ അനിവാര്യമെന്ന് നമ്മളറിയണം. ചുവടുകൾ ഉറയ്ക്കുമ്പോൾ കയ്യിൻ തുമ്പിൽ വിടാതെ പിടിപ്പിച്ചു  കൂടെ നടത്തി അവനെ നമ്മിലേക്ക് കൂടുതൽ തളച്ചിടാതെ, ഒരു നായകനെപ്പോലെ അവൻ നമ്മുടെ മുന്നിൽ നടക്കട്ടെ. ദൈനം ദിന കാര്യങ്ങൾ ഓരോന്നോരോന്നായി അവൻെറ ചുമതലയാക്കി മാറ്റുമ്പോൾ വേറിട്ടൊരു വ്യക്തിത്വമാണ് നമ്മൾ വളർത്തിയെടുക്കുന്നത്.


പ്രായത്തിനനുസരിച്ചുള്ള ചുമതലകൾ കുട്ടിക്ക് കൊടുത്തു ശീലിപ്പിക്കുക.  മൂന്നു വയസ്സുകാരൻ സ്വയം ചെരുപ്പിടുമ്പോഴും ആറു വയസ്സുകാരൻ യൂണിഫോം തനിയെ ധരിക്കുമ്പോഴും പത്തു വയസ്സുകാരൻ തനിയെ കടയിൽ പോകുമ്പോഴും കൂട്ടുകാർക്കൊപ്പം പറമ്പിൽ ആടിത്തിമിർക്കുമ്പോഴും  നമ്മളാരും അറിയാതെ  വളരുന്ന ഒന്നുണ്ട്, മനക്കരുത്ത്!വീട്ടിലെ കുഞ്ഞു കുഞ്ഞു ജോലികൾ അവരെ ഏൽപ്പിക്കുമ്പോൾ വിഴുപ്പുകെട്ടു ചുമക്കുന്ന കഴുതയുടെ മനഃക്ലേശമാണ് കുട്ടിക്കുണ്ടാകുന്നത് എന്നാണ് നമ്മുടെ ചിന്ത. മറിച്ചു ഈ കർത്തവ്യങ്ങൾ അവർ ആസ്വദിക്കുന്നു എന്നു മാത്രമല്ല അവ ചെയ്തു തീർക്കുമ്പോൾ അവർക്കു കിട്ടുന്ന ആത്മവിശ്വാസം പറഞ്ഞറിയിക്കാൻ പറ്റാത്തതാണ് എന്നു വേണം പറയാൻ. വേണ്ട സമയത്തുള്ള രക്ഷിതാക്കളുടെ പ്രശംസയും ഇതിനനിവാര്യമാണ്. ഞാൻ പ്രാപ്തനാണ് എന്ന ബോധം കുട്ടിക്ക് ഇതിലൂടെ ലഭിക്കുന്നു. ഫോണിൽ തലകുനിഞ്ഞ  കുട്ടിക്ക് ഈ മനക്കരുത്തു മാത്രമല്ല മറ്റു പലതും കൂടി നഷ്ടപ്പെടുത്തേണ്ടി വരുന്നു എന്ന് പറയാതിരിക്കാൻ നിർവാഹമില്ല.



അപരിചിതരെ സൂക്ഷിക്കണമെന്ന് നമ്മൾ കുട്ടിക്ക് പറഞ്ഞു കൊടുക്കാറുണ്ട്. അപരിചിതരെ മാത്രം സൂക്ഷിക്കേണ്ടുന്ന സാഹചര്യമല്ല ഇപ്പോൾ നിലവിലുള്ളത്. നീചചിന്തയോടെ തന്നിലേക്കടുക്കുന്നവരെ തിരിച്ചറിയാനുള്ള കഴിവ് വളർത്തിയെടുക്കാൻ സാഹചര്യങ്ങൾ അഭിമുഖീകരിപ്പിച്ചു തന്നെ അവരെ വളർത്തണം. അല്ലാതെ സാഹചര്യങ്ങളിൽ നിന്നും അകറ്റി നിർത്തിയാകരുത്.

കുറച്ചു വർഷങ്ങൾക്കു മുന്നേ വരെ ഇത് ചർച്ചയാക്കേണ്ടുന്ന ഒരു വിഷയം ആയിരുന്നില്ല. കാരണം അന്നത്തെ കുട്ടികൾ ഈ  പറഞ്ഞതെല്ലാം അഭിമുഖീകരിച്ചവരായിരുന്നു. പക്ഷെ ഇന്ന് നമ്മുടെ ജീവിത രീതിയിൽ വന്ന മാറ്റങ്ങൾ കുട്ടികളുടെ രീതിയിലും മാറ്റങ്ങൾ വരുത്തിക്കഴിഞ്ഞു. അണുകുടുംബ വ്യവസ്ഥിതിയും, ഉദ്യോഗസ്ഥരായ മാതാപിതാക്കളുടെ സമയ പരിമിതിയും, മൊബൈൽ ഫോണിൻെറ അതിപ്രസരവും ഒക്കെ ഇതിന്റെ മുഖ്യ കാരണങ്ങളാണ്.
ജീവിതസൗകര്യങ്ങളും നിലവാരവും ഉയർന്നുകൊണ്ടിരിക്കുന്നതിനനുസരിച്ചു മാനസികാരോഗ്യം തകർന്നടിഞ്ഞുകൊണ്ടിരിക്കുകയാണ്.

പറഞ്ഞവയത്രയും വളരെ ചെറിയ കാര്യങ്ങളാണെങ്കിലും ഇവ കുട്ടികൾക്ക് കൊടുക്കുന്ന ജീവിത പാഠങ്ങൾ വളരെ  വലുതാണ്. സന്ദർഭങ്ങളെ അഭിമുഖീകരിക്കാനും സാഹചര്യങ്ങളെ അതിജീവിക്കാനും ഈ ചെറിയ വലിയ കാര്യങ്ങൾ നമ്മുടെ മക്കളെ പ്രാപ്തരാക്കുന്നു. അപരിചിതരോട് അകലം പാലിക്കണമെന്ന് നമ്മൾ പറഞ്ഞു പഠിപ്പിക്കുമ്പോൾ  ആരാണ് ശെരിക്കും അപരിചിതർ എന്നു തിരിച്ചറിയാനുള്ള ജാലവിദ്യ പ്രായോഗിക പരിജ്ഞാനത്തിലൂടെ ആർജിച്ചെടുക്കാൻ ഈ ചെറിയ കാര്യങ്ങൾ അവരെ സഹായിക്കുന്നു. മാറ്റങ്ങൾ വരുത്തേണ്ടത് നമ്മുടെ തന്നെ ചില രീതികളിലാണ്. സാഹചര്യങ്ങളെ അനുകൂലമാക്കാൻ ശ്രമിക്കുന്നത് വിഢിത്തമായിരിക്കും. അത് കുട്ടികളെ കൂടുതൽ ഉൾവലിഞ്ഞവരും സാഹചര്യങ്ങളെ ഭയക്കുന്നവരും ആക്കിമാറ്റാനേ സഹായിക്കൂ. മറിച്ചു ഏതു പ്രതികൂല സാഹചര്യം തന്നെയായാലും പാറ പോലെ ഉറച്ചു നിൽക്കാനും അതിനെ തരണം ചെയ്യാനുമുള്ള ആർജവം നമുക്ക് മക്കൾക്ക്‌ കൊടുക്കാം. മാറ്റം വരുത്തേണ്ടത് സാഹചര്യങ്ങൾക്കല്ല മറിച്ചു ഏതു സാഹചര്യം വന്നാലും അതിനെ നേരിടാനുള്ള വൈഭവം കുട്ടിക്ക് വരുത്തുന്നതിലാണ്. അവർ വീട്ടിൽ മാത്രം ഒതുങ്ങേണ്ടവരല്ല. നടക്കട്ടെ നെഞ്ചുവിരിച്ചു തന്നെ. 

No comments

Powered by Blogger.