അഞ്ചു വയസ്സായിട്ടും കുട്ടിയുടെ സംസാരത്തിനു വ്യക്തതയില്ലേ? ഈയൊരൊറ്റ കാര്യം ശ്രദ്ധിച്ചാൽ 50% അനാവശ്യ സ്പീച് തെറപ്പികളും ഒഴിവാക്കാം


"പാപ്പം ചിന്നിട്ട് ഉമ്പം കുച്ചോ ചുഞ്ഞാവ"? ഇതേതു ഭാഷ? ഞെറ്റി ചുളിക്കണ്ട. ഇതെന്തു ഭാഷ എന്നു സംശയം തോന്നുകയും വേണ്ട. കുട്ടികളോടുള്ള നമ്മുടെ സംസാര രീതിയുടെ  ഒരു ഉദാഹരണം മാത്രമാണിത്. ഭക്ഷണം കഴിച്ചിട്ട് വെള്ളം കുടിച്ചോ എന്നതാണ് ചോദ്യം. കുട്ടികളോടുള്ള രക്ഷിതാക്കളുടെ സ്നേഹം അളവറ്റതാണ് എന്നതിൽ തർക്കമില്ല. അത് പറഞ്ഞറിയിക്കാൻ പറ്റാത്തതുമാണ്. എന്നാൽ ആ സ്നേഹം പ്രകടമാക്കുന്ന രീതി ശെരിയല്ലെങ്കിൽ അത് കുട്ടിയുടെ വളർച്ചയെ സാരമായിത്തന്നെ ബാധിക്കുന്ന ഒന്നായി മാറും. മേൽപ്പറഞ്ഞതു പോലുള്ള അനവധി വാചകങ്ങൾ നമ്മളോരോരുത്തരും കുട്ടികളോട് പറഞ്ഞിട്ടുണ്ടാകും അല്ലെങ്കിൽ കേട്ടിട്ടുണ്ടാകും. ചില വാക്കുകൾ നിഘണ്ടുവിലുള്ളതാണോ എന്നു പോലും സംശയം തോന്നുമാറ്  ഉപയോഗത്തിൽ വരുന്നു എന്നതാണ് ദുഃഖകരം. ഉദാഹരണത്തിന്,  ഉവ്വാവ്(അസുഖം), ഉമ്പ(നാൽക്കാലികൾ), ബൗ ബൗ (നായ), മ്യാവു (പൂച്ച ), ബബ്ബ(കോഴി), ചിമ്മം (സിംഹം), ഉമ്പം(വെള്ളം), അങ്ങനെ നീണ്ടു പോകുന്നു വാക്കുകൾ. 'ക' എന്ന അക്ഷരത്തിനു പകരം 'ച' ചേർത്ത് സംസാരിക്കുന്നതും ചില അക്ഷരങ്ങൾ വിഴുങ്ങിക്കൊണ്ട് വാക്കുകൾ ഉച്ചരിക്കുന്ന രീതിയും പതിവാണ്. ഉദാഹരണം: കുച്ചണ്ടേ (കുളിക്കണ്ടേ), എക്കണോ (എടുക്കണോ), തുടങ്ങിയവ... ഇങ്ങനെ വാക്കുകളെ ഒരു കൊഞ്ചലോടെ കുട്ടിയുടെ മുന്നിൽ അവതരിപ്പിക്കുമ്പോൾ അതിലൂടെ കുട്ടിക്ക് എന്തു സംഭവിക്കുന്നു എന്നതു കൂടി നമ്മൾ അറിഞ്ഞിരിക്കണം.

മുതിർന്നവരുടെ കൊഞ്ചലോടെയുള്ള ഈ സംസാര രീതി കുട്ടിയുടെ അതിപ്രധാനമായ രണ്ടു മേഖലകളെ ക്ഷയിപ്പിക്കാൻ പോന്നതാണ്. ഇതിൻെറ  അനന്തരഫലം ഏറ്റവും ആദ്യം പ്രകടമാകുന്നത് കുട്ടിയുടെ ഭാഷാജ്ഞാനത്തിലും അക്ഷര സ്ഫുടതയിലും  ആയിരിക്കും. എന്നാൽ ഏറ്റവും പ്രാധാന്യമേറിയതും തിരുത്താൻ ഏറെ ബുദ്ധിമുട്ടുന്നതും കുട്ടിയുടെ  വ്യക്തിത്വ വികാസത്തെ തന്നെ പ്രതികൂലമായി ഇത് ബാധിക്കുമ്പോഴാണ്.

 ഭാഷാജ്ഞാനത്തിലും അക്ഷരസ്ഫുടതയിലും എങ്ങനെ ബാധിക്കുന്നു
3 വയുസ്സുകാരനെ പോലെ സംസാരിക്കുന്ന ആറു വയസ്സുകാരനെ നിങ്ങൾ എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ? സൂക്ഷിച്ചൊന്നു നോക്കിയാൽ അടുത്ത വീട്ടിലോ ബന്ധുക്കൾക്കിടയിലോ അത്തരമൊരു കുട്ടിയെ കാണാം. മൂന്നു വയസ്സുകാരൻെറ വാക്കുകളിൽ അങ്ങുമിങ്ങും വ്യക്തതയില്ലാത്ത ഒരു കൊഞ്ചലുണ്ടാകും. അത് കേൾക്കാൻ ഒരു സുഖമുണ്ട്. അല്ലെ? പക്ഷെ അതുപോലെ ഒരു ആറു വയസ്സുകാരൻ കൊഞ്ചിയാൽ എങ്ങനെയിരിക്കും. അഛനമ്മമാർ സഹിച്ചെന്നിരിക്കും. മറ്റാർക്കും അത് സഹിക്കില്ല എന്ന് മാത്രമല്ല വല്ലാതെ അരോചകമായി തോന്നുകയും ചെയ്യും. 

പ്രായത്തിനനുസരിച്ചു കുട്ടിയുടെ ശാരീരിക മാനസിക വളർച്ചയിൽ മാറ്റങ്ങൾ ഉണ്ടാകണം. തനിയെ ഇരിക്കുന്നതും, മുട്ടിലിഴയുന്നതും, പിടിച്ചു നടക്കുന്നതും , പിടിക്കാതെ നടക്കുന്നതും ഒക്കെ കുട്ടിയുടെ വളർച്ചയുടെ ഘട്ടങ്ങളാണ്(developmental tasks). ഇതുപോലെ സംസാരത്തിലും വളർച്ചയ്ക്കനുസൃതമായ മാറ്റങ്ങൾ അനിവാര്യമാണ്. സ്വരങ്ങൾ മാത്രം പുറപ്പെടുവിച്ചു കൊണ്ടിരുന്ന കുട്ടി രണ്ടക്ഷരങ്ങൾ ചേർത്ത് പറയുന്നതും വാക്കുകൾ പിറക്കി പറയുന്നതും പിന്നീട് അത് വാക്യമായി ഉയരുന്നതും കുട്ടിയുടെ വളർച്ചയുടെ പടവുകൾ തന്നെയാണ്. വാക്കുകൾ വാക്യങ്ങളായി ഉയർന്നു കഴിഞ്ഞാൽ പിന്നീട് സ്ഫുടതയാണ് അടുത്ത പടി. പക്ഷെ വളരെ കൊഞ്ചി സംസാരിക്കുന്ന മാതാപിതാക്കളുടെ കുട്ടികളിൽ ഈ പറഞ്ഞത് നടക്കുന്നില്ല. വാക്കുകളിൽ നിന്ന് വാക്യം ആയി മാത്രം മാറിയ ഇവരിൽ സ്ഫുടത മുരടിച്ചു നിൽക്കുന്നു.

പ്രായാനുസൃതമല്ലാതെ കുട്ടി അവ്യക്തമായി സംസാരിക്കുന്നതിൻെറ 50% ഉത്തരവാദികളും മാതാപിതാക്കൾ തന്നെയാണ്. മേൽപറഞ്ഞ പോലുള്ള സംസാര രീതിയാണ് അതിൻെറ കാരണം. സംസാര വൈകല്യങ്ങൾ ഒന്നുമില്ലാഞ്ഞിട്ടും എട്ടോ ഒമ്പതോ വയസ്സായിട്ടും കുട്ടിയുടെ അക്ഷരങ്ങൾക്ക് വ്യക്തതയില്ലെന്നു പറഞ്ഞു സ്പീച് തെറപ്പിസ്റ്റിൻെറ അടുത്തേക്ക് ഓടാതിരിക്കാൻ ഇത് ശ്രദ്ധിച്ചാൽ മതിയാകും. ബാക്കി 50% ജന്മനാ കുട്ടിക്ക് കിട്ടിയ സംസാര വൈകല്യം മൂലമാകാം. അക്ഷരങ്ങളെ വ്യക്തതയില്ലാതെ ഉപയോഗിച്ച് ശീലിക്കുന്ന കുട്ടിക്ക് പിന്നീട് അതിലൊരു വ്യക്തത വരുത്തൽ ശ്രമകരമാണ്.' ഴ', 'ഷ' പോലുള്ള അക്ഷരങ്ങൾ പ്രത്യേകിച്ചും. ജനിച്ചു മാസങ്ങൾ മാത്രമായ കുട്ടിയും മുതിർന്നവരുടെ രീതി പിൻപറ്റി വരുന്നവരാണ്. പഠനം എന്നത് തീരെ കുഞ്ഞായിരിക്കുമ്പോൾ തന്നെ തുടങ്ങുന്ന ഒരു പ്രക്രിയ ആണ്. അതുകൊണ്ട് ഒരു മൂന്നു വയസ്സൊക്കെ ആയിട്ട് കുഞ്ഞിനോട് വ്യക്തമായിട്ട് സംസാരിച്ചു തുടങ്ങാം എന്നു വിചാരിക്കരുത്. ജനനം മുതൽ കുഞ്ഞിനോട് വ്യക്തവും സ്ഫുടവും ആയിട്ട് ഒന്ന് സംസാരിച്ചു നോക്കൂ. മൂന്നു വയസ്സിൽ അവൻ അക്ഷരങ്ങൾ കൊണ്ട് അമ്മാനമാടും.

 വ്യക്തിത്വ വികാസത്തെ എങ്ങനെ ബാധിക്കുന്നു 

ഈ രീതിയിലുള്ള രക്ഷിതാക്കളുടെ സംസാര രീതി കുട്ടിയെ ഒരുപാട് ഉല്ലസിപ്പിക്കുന്നതാണ്. കാരണം ഇതൊരു തരം സുരാക്ഷാകവചം (safe zone)ആണ്. താൻ തീരെ ചെറിയ ഒരു കുട്ടിയാണെന്നുള്ള ഒരു തോന്നൽ ഇത് കുട്ടിക്ക് കൊടുക്കുന്നു. ഇനി മുതിർന്നാലും ഈ ഉല്ലാസവും ലാളനയും കൈവിട്ടുപോകാൻ കുട്ടി ഇഷ്ടപ്പെടുന്നില്ല. താൻ ഇപ്പോഴും കുട്ടിയാണെന്ന് വരുത്തി തീർക്കുവാൻ അവൻ വീണ്ടും വീണ്ടും കൊഞ്ചിക്കൊണ്ടെയിരിക്കും. ഇങ്ങനെയുള്ള കുട്ടി അമിത ശ്രദ്ധ തനിക്ക് കിട്ടണമെന്നുള്ള പിടിവാശിയുള്ളവരാണ്. എന്തിനും ഏതിനും മറ്റൊരാളുടെ (കൂടുതലും അമ്മയുടെ) ഒരു പിന്തുണ കുട്ടിക്ക് അനിവാര്യമായി വരുന്നു. കുട്ടി കൂടുതൽ പരാശ്രയങ്ങൾ (dependent) തേടുന്നു. ഇത് കുട്ടിയുടെ ആത്മവിശ്വാസത്തെയും തന്മൂലം വ്യക്തിത്വ വികാസത്തെയും പ്രതികൂലമായി ബാധിക്കുന്നു. 

ഇത്തരത്തിൽ വളർന്ന കുട്ടിക്ക് താഴെ ഒരു ഇളയ കുട്ടി കൂടി വന്നാൽ അതു താങ്ങാവുന്നതിനും അപ്പുറം ആയിരിക്കും. സഹോദരങ്ങളോട് വൈരാഗ്യ ബുദ്ധി (sibling rivalry) തോന്നാനും ഈ രീതി ഇടയാക്കുന്നു. അത്ര നാൾ തീരെ ചെറിയ ഒരു കുട്ടിയെ പോലെ അമിതമായി ലാളിച്ചിട്ടു  പെട്ടെന്നൊരു ദിവസം മുതിർന്ന കുട്ടിയോടെന്ന പോലെ പെരുമാറുമ്പോൾ അതിനിടവരുത്തിയ ഇളയ കുട്ടിയോട് ശത്രുതയും ദേഷ്യവും തോന്നാം. കൂടാതെ കുട്ടി വിഷാദ (depressive) സ്വഭാവത്തിലേക്ക് പോകാനും ഈ പ്രവണത വഴിയൊരുക്കുന്നു എന്നതാണ് സത്യം. 

നിത്യേനെയെന്നോണം നമ്മുടെ മക്കളോടും പരിചിതരായ മറ്റു കുഞ്ഞുങ്ങളോടും നിർദോഷമെന്നു കരുതി സ്നേഹത്തോടെ പറയുന്ന ഈ വാക്കുകൾ എത്ര ഗുരുതരമായ പ്രത്യാഖാതമാണ് സൃഷ്ടിക്കുന്നത്! ഇങ്ങനെ കൊഞ്ചലോടെയല്ലാതെ കുട്ടികളോട് സംസാരിക്കുന്നവർ ചുരുക്കമാണ് എന്നത് വേദനയുളവാക്കുന്ന ഒരു സത്യമാണ്. ചിമ്മത്തെ സിംഹമാക്കി മാറ്റുമ്പോൾ കഥയിൽ നിന്നും യാഥാർഥ്യ ലോകത്തിലേക്ക് നമ്മൾ അവരെ കൊണ്ടുവരികയാണ് ചെയ്യുന്നത്. അല്ലാത്തിടത്തോളം കെട്ട് കഥകളിലെ നിറമുള്ള ചിത്രങ്ങളാണ് ജീവിതം എന്ന് നമ്മുടെ കുഞ്ഞുങ്ങൾ തെറ്റിദ്ധരിക്കപ്പെട്ടുപോകും. ഫോണിൽ കളിക്കല്ലേ എന്ന് പറഞ്ഞതിനു കയറെടുത്തു തൂങ്ങുന്ന കുട്ടികളെ കാണുമ്പോൾ, അച്ഛൻ വഴക്കു പറഞ്ഞത് താങ്ങാനാകാതെ വീട് വിട്ടു പോകുന്ന കുട്ടിയെ കാണുമ്പോൾ, സാഹചര്യങ്ങളെ അഭിമുഖീകരിക്കാൻ കഴിയാതെ അവയിൽ നിന്നെല്ലാം മുങ്ങാങ്കുഴിയിട്ടു പോകുന്ന കുട്ടികളെ കാണുമ്പോൾ മൂക്കത്തു വിരൽ വെച്ചു അതിശയോക്തി കാട്ടാതെ, എന്തുകൊണ്ടിങ്ങനെ സംഭവിക്കുന്നു എന്നു ചിന്തിച്ചു നോക്കണം. എവിടെയാണ് പാകപ്പിഴകൾ സംഭവിക്കുന്നതെന്നറിയണം. അതിവേഗം തിരുത്തലുകൾ വരുത്തണം. നാളെയുടെ വാഗ്ദാനങ്ങൾ ഇന്നിൻെറ രക്ഷിതാക്കളുടെ കരങ്ങളിലാണെന്നു മറന്നു പോകല്ലേ!!!




No comments

Powered by Blogger.