ഇടിവെട്ടുമ്പോൾ കുട്ടിയുടെ ചെവി നിങ്ങൾ ഇറുക്കി പൊത്തിപ്പിടിക്കാറുണ്ടോ? എങ്കിൽ തീർച്ചയായും ഇതു വായിക്കണം




കടൽ തിരമാലകളെ ആവേശം പകരുന്ന ആനന്ദോപാധിയായി കാണുന്നവരാണ് ചിലരെങ്കിൽ മറ്റു ചിലർക്ക് അത് ഭയമുളവാക്കുന്ന ഭീമൻ തിരമാലകളാണ്. പട്ടിയെ കണ്ടാൽ ചിലർ വിരണ്ടോടും, മറ്റു ചിലർ പട്ടിയെ വിരട്ടിയോടിക്കും. ഉയരത്തിൽ നിന്നാൽ തല കറങ്ങുന്നവരുണ്ടെങ്കിൽ ഞാൻ ഉയരങ്ങൾ കീഴടക്കി എന്നു അതിനെ മാറ്റിക്കുറിക്കുന്നവരുമുണ്ട്. എന്തുകൊണ്ടാണ് ആളുകളിൽ ഇത്തരത്തിൽ ഒരു വ്യത്യാസം കാണുന്നത്. ആഗ്രോഫോബിയ (Agro Phobia), ഹൈഡ്രോഫോബിയ (Hydro phobia), എന്നിങ്ങനെയൊക്കെ ചെല്ലപ്പേരുകളിൽ ഇതുപോലുള്ള പേടികളെ വിളിക്കുമെങ്കിലും ഇത് തനിയെ വന്നുകൂടിയ ഒരു അവസ്ഥയായും മരുന്നു കഴിച്ചു മാത്രം മാറ്റാവുന്നതായും ആരും കരുതരുത്. കടുപ്പമേറിയ ജീവിതസഹചര്യങ്ങൾ അഭിമുഖീകരിക്കേണ്ടിവന്ന കുട്ടികളെ മാറ്റിനർത്തിയാൽ, ദൈനംദിന ജീവിതത്തിൽ നമ്മുടെ അറിവില്ലായ്മ കൊണ്ട് നിർദോഷം എന്ന് കരുതി കുട്ടികളോട് ചെയ്യുന്ന ഒരുപാട് കാര്യങ്ങൾ അവരെ ഇതുപോലുള്ള മാനസിക വൈകല്യങ്ങൾ ഉള്ളവർ ആക്കിത്തീർക്കുന്നുണ്ട്. സാധാരണയായി കുട്ടികളോട് നമ്മൾ പറയുന്ന അല്ലെങ്കിൽ ചെയ്യുന്ന ചില ഉദാഹരണങ്ങൾ നോക്കാം.

¥ അയ്യോ പട്ടി- കുട്ടിയുടെ കൂടെ നടന്നുപോകുന്ന വഴിക്കായിരിക്കും ഒരു പട്ടിയെ കാണുന്നത്. മുതിർന്നവർ പേടി കാണിക്കുകയോ അയ്യോ പട്ടി എന്നു പറയുകയോ ചെയ്താൽ ആ പേടി കുട്ടിയിലേക്കും എത്തും. പട്ടി എന്തോ ഭീകരജീവിയാണ് എന്നും അതിനെ ഭയക്കേണ്ട താണെന്നും ഉള്ള സന്ദേശം കുട്ടിയിലേക്കെത്തുന്നു. പട്ടി ഒരു ഉദാഹരണം മാത്രം. പൂച്ചയും പാറ്റയും പല്ലിയും പുഴുവും എലിയും എല്ലാം ഈ ഗണത്തിൽ പെടും. ( ഞാൻ അതീവ ലോലയാണെന്ന് കാണിക്കുവാൻ ഇല്ലാത്ത പേടി കാണിക്കുന്ന പെൺകുട്ടികൾ ഒരുപാടാണ്. ധീരത ആണിന്റെയും ലോലത പെണ്ണിന്റെയും എന്നുള്ള സാമൂഹ്യ കാഴ്ചപ്പാടിന്റെ ഭവിഷ്യത്തായിട്ടേ ഇതിനെ കാണാൻ പറ്റൂ). 

¥ ഇടി വെട്ടുമ്പോൾ കുട്ടിയുടെ ചെവി പൊത്തുക- ഇത് സാധാരണയായി നമ്മുടെ വീടുകളിൽ അമ്മമാർ ചെയ്യുന്നതാണ്. ഇടിവെട്ടുമ്പോൾ കുട്ടിയുടെ ചെവി ഇറുക്കി പൊത്തിപ്പിടിക്കുക വഴി അകാരണമായി കുട്ടിക്ക് ഭയം ജനിക്കുന്നു. ഈയൊരു ചെയ്ത്തിലൂടെ ശബ്ദത്തിനോട്‌ തന്നെ കുട്ടിക്ക് പേടി ഉണ്ടാകുന്നു. ജീവിതത്തിൽ ഒരുപാട് ഇടിവെട്ടുകൾ കേൾക്കേണ്ടവനാണ് ഈ വളർന്നുവരുന്ന കുട്ടി. അപ്പോഴെല്ലാം അവന്റെ ചെവി പൊത്തുവാൻ അരികിൽ നിങ്ങളുണ്ടാകില്ല എന്നൊരു ബോധ്യം വേണം. സാഹചര്യങ്ങളെ നേരിടാൻ കരുത്തുറ്റവരാക്കിയല്ലേ അവരെ വളർത്തേണ്ടത്.

¥ പേടിപ്പിച്ചു ഭക്ഷണം കൊടുക്കുന്ന സമ്പ്രദായം - ചാക്കുകാരനെയും ഭൂതത്തിനെയും കോക്കാച്ചിയെയും ഒക്കെപ്പറഞ്ഞു ഭയപ്പെടുത്തി കുട്ടിയെ ഭക്ഷണം കഴിപ്പിക്കുക എന്നത് സർവസാധാരണമാണ്. ഭക്ഷണം കഴിപ്പിക്കാൻ വേണ്ടി ഇത്രയും ക്രൂരത കുട്ടിയോട് കാണിക്കാതിരിക്കുക. ചില അമ്മമാരുടെ ലക്ഷ്യം തന്നെ കുട്ടിയെ അധികം ഭക്ഷണം കഴിപ്പിക്കുക എന്നത് മാത്രമാണോ എന്നു തോന്നിപ്പോകും.അത്രയും മാനസികപീഡനം ഏല്പിച്ചാണ് ചില അമ്മമാർ കുട്ടിയെ തീറ്റിക്കുന്നത്.  കുട്ടിക്ക് ഭക്ഷണത്തോട് വിരക്തി തോന്നുക മാത്രമല്ല അനാവശ്യ ഭീതിയും ഇതിലൂടെ വന്നുപെടുന്നു. 

¥ കേറല്ലേ വീഴും - ഇതു പറയാത്തവർ ഉണ്ടാകില്ല. വീഴും വീഴുമെന്ന് പറഞ്ഞു കുട്ടിയുടെ ആത്മവിശ്വാസം നഷ്ടപ്പെടുത്താതെ അവനു ധൈര്യം കൊടുക്കുകയാണ് വേണ്ടത്. വീണാലും പരിക്കേൽക്കാത്ത സാഹചര്യങ്ങളിൽ അവരെ തനിയെ കയറാൻ അനുവദിക്കുക. വീഴുന്ന കുട്ടിയെ ശകാരിക്കരുത് .  പകരം വീഴ്ചകൾ സർവ്വസാധാരണമാണെന്നും വീഴാത്ത ആളുകളില്ലെന്നും അവരെ മനസ്സിലാക്കുക.  ജയിക്കാൻ മാത്രമല്ല തോൽക്കാനും കുട്ടിയെ പ്രാപ്തരാക്കണം. അപകട സാഹചര്യങ്ങളിൽ മുതിർന്നവരുടെ സാന്നിധ്യത്തിൽ മാത്രം കയറണമെന്നുള്ളത് കുട്ടിയെ ബോധ്യപ്പെടുത്തുക കൂടി വേണം. 

¥ ഇരുട്ടത്തു പോകല്ലേ - കുട്ടി ഇരുട്ടിൽ തനിച്ചൊന്നിറങ്ങിയാൽ വെപ്രാളപ്പെടുന്നവരാണ് അധികവും. മുതിർന്നവരുടെ അരക്ഷിതാവസ്ഥ അക്ഷരംപ്രതി കുട്ടിയിലേക്കും കൊടുക്കുകയാണ് സത്യത്തിൽ ചെയ്യുന്നത്. അപ്രതീക്ഷിതമായി കറന്റ്‌ പോകുമ്പോൾ അലറിക്കരയുന്ന കുട്ടിക്ക് ഇരുട്ട് ഭയപ്പെടുത്തുന്ന ഒന്നാണ്. മുതിർന്നവർ ഇരുട്ടിനെ അങ്ങനെയാണ് അവനിലേക്കെത്തിച്ചത്. കുട്ടിയോടൊപ്പം ഇരുട്ടത്തു അൽപനേരം ചിലവിടുന്നതും കളിക്കുന്നതുമൊക്കെ അവന്റെ ഇരുട്ടിനോടുള്ള ഭയം കുറക്കാൻ സഹായിക്കുന്ന മാർഗമാണ്.

¥ മോൻ പേടിക്കണ്ട!! അപ്പോ എന്തോ പേടിക്കാനില്ലേ? - അകാരണമായി കുട്ടിയോട് പേടിക്കണ്ട എന്നു ഒരിക്കലും പറയരുത്. ഇതു ഇല്ലാത്ത ഭയം കുട്ടിയിൽ ജനിപ്പിക്കാനേ ഉപകരിക്കു. ഒരു ഭയവും കൂടാതെ പശുവിനെയും ആടിനെയുമൊക്കെ തഴുകിത്തലോടിയിരുന്ന കുഞ്ഞിനോട് മോൻ പേടിക്കണ്ട അതൊന്നും ചെയ്യില്ലെന്ന് നാലഞ്ചു തവണ പറഞ്ഞാൽ പിന്നീട് ആ കുട്ടി പശുവിന്റെ അടുത്ത് ചെല്ലാൻ ഒന്നറയ്ക്കും. പേടിക്കണ്ട എന്നു പറഞ്ഞാൽ എന്തോ പേടിക്കാനുണ്ടല്ലോ എന്നൊരു സന്ദേശം കുട്ടിക്ക് കിട്ടുന്നു.

¥ കഥയിലെ കാര്യം - കുട്ടികൾക്ക് പറഞ്ഞുകൊടുക്കുന്ന കഥയിലുമുണ്ട് കാര്യം. കഥ കുട്ടികൾക്ക് വളരെ നല്ലതാണ്. പക്ഷെ എല്ലാ കഥകളും അങ്ങനെയാണോ എന്നു ചോദിച്ചാൽ അല്ല എന്നതാണ് ഉത്തരം. ഒരുദാഹരണം,  ഉണ്ണിയെ കട്ടെടുത്ത ഭൂതവും ഉണ്ണിയെ തിരികെ കിട്ടാൻ കണ്ണു ചൂഴ്ന്നെടുത്ത നങ്ങേലിയും നമുക്കറിയാവുന്ന ഒന്നാണ്. മാതൃസ്നേഹത്തിന്റെ ഉത്തമോദാഹരണമായി ചൂണ്ടിക്കാണിക്കാവുന്ന ഒരു കഥ. പക്ഷെ ഈ കഥ ഒരു മൂന്നുവയസ്സുകാരനോട്‌ പറഞ്ഞാൽ അവന്റെ കുഞ്ഞുമനസ്സിൽ നങ്ങേലിയുടെ മാതൃസ്നേഹമാണോ അതോ ഉണ്ണിയെ തട്ടിയെടുത്ത ഭൂതമാണോ ഉണ്ടാവുക.

ഇതുപോലെ നിത്യേനയുള്ള ജീവിതത്തിൽ ഒരുപാട് അബദ്ധങ്ങൾ നമ്മൾ കുട്ടികളോട് ചെയ്യുന്നുണ്ട്. വളരെ സാധാരണയായിട്ടുള്ള ഉദാഹരണങ്ങൾ മാത്രമാണ് ഇതിൽ വിവരിച്ചിട്ടുള്ളത്. പഴശ്ശിയുടെയും ഉണ്ണിയാർച്ചയുടേയുമൊക്കെ വീരചരിതം കേട്ടു പുളകിതരാകുന്ന നമുക്ക്, നമ്മുടെ മക്കളെയും ചങ്കൂറ്റത്തോടെ നിവർന്നു നിന്ന് ഏതു സാഹചര്യത്തെയും അഭിമുഖീകരിക്കാൻ കഴിവുള്ളവരാക്കി വളർത്താനാണ് ആഗ്രഹം. പക്ഷെ അറിവില്ലായ്മ കൊണ്ടു നമ്മൾ തന്നെ വരുത്തുന്ന ചില തെറ്റുകൾ അവരെ ഇരുട്ടിനെ ഭയന്ന് ഒറ്റയ്ക്കു ഒരു മുറിയിലേക്ക് പോകാത്തവരും, ഇടിവെട്ടുമ്പോൾ ഏതെങ്കിലും മൂലയിൽ ഒതുങ്ങുന്നവരും, അപ്രതീക്ഷിതമായി കറന്റ്‌ പോകുമ്പോൾ അലറിക്കരയുന്നവരും ഒക്കെ ആക്കിത്തീർക്കുന്നു.

കുട്ടികളുടെ ബഹളവും കുസൃതിയും അടിച്ചമർത്താനും ഭക്ഷണം കഴിപ്പിക്കാനും അവരോടുള്ള അമിത സംരക്ഷണ കൊണ്ടും ഒക്കെയാണ് സാധാരണയായി കുട്ടികളെ ഭയപ്പെടുത്തുന്നത്. തമാശയ്ക്കു വേണ്ടി ഇങ്ങനെ ചെയ്യുന്നവരും കുറവല്ല.  ഈ ഭയപ്പെടുത്തലുകൾ ഉറക്കത്തിനിടയിലുള്ള ഞെട്ടലുകളായും കരച്ചിലുകളായും കുട്ടികൾ പെട്ടെന്ന് പ്രതിഫലിപ്പിക്കും. കിടക്കയിൽ മൂത്രമൊഴിക്കുന്നതിനും ഇതു കാരണമാകാറുണ്ട്. കുട്ടി വലുതാകുംതോറും പിന്നീടങ്ങോട് ഈ ഭയപ്പാടുകൾ പലതായി മാറും. സാഹചര്യങ്ങളെ നേരിടാനുള്ള ധൈര്യക്കുറവാണ് അതിൽ പ്രധാനം.  സ്വന്തം കഴിവുകളെ അംഗീകരിക്കാനും നാലാളുടെ മുന്നിൽ അവ അവതരിപ്പിക്കാനുമുള്ള ആത്മവിശ്വാസം (self confidence )കുട്ടിക്ക് ചോർന്നുപോകുന്നു എന്നതാണ് വാസ്തവം. ഏതെങ്കിലും തരത്തിലുള്ള ഭയം കുട്ടി പ്രകടിപ്പിക്കുന്നുണ്ടെങ്കിൽ അത് നിസ്സാരമായി തള്ളിക്കളയാതിരിക്കുക.  എന്തിനും ഏതിനും നിങ്ങൾ അവർക്കൊപ്പം എപ്പോഴും ഉണ്ടാകുമെന്നുള്ള ഉറപ്പ് കുട്ടിക്ക് കൊടുക്കുവാൻ കഴിയണം. ചെറിയ നേട്ടങ്ങൾക്കു പോലും അഭിനന്ദനം അറിയിക്കാൻ മടിക്കരുത്. ഇതു അവരുടെ ആത്മവിശ്വാസം വർധിപ്പിക്കും.(അനാവശ്യമായി അഭിനന്ദിക്കുകയും അരുത് ).

ചായപ്പൊടിയും വെള്ളവും പഞ്ചസാരയും ഉണ്ടെങ്കിൽ ആർക്കും ചായ ഉണ്ടാക്കാം. പക്ഷെ പലരുണ്ടാക്കുമ്പോൾ അതിനു രുചി വ്യത്യാസം ശ്രദ്ധിച്ചിട്ടില്ലേ. ഇതുപോലെയാണ് കുട്ടികളുടെ കാര്യവും. അവർ വളർന്നു വരുന്ന ചുറ്റുപാടാണ് ഈ ചായപ്പൊടിയും പഞ്ചസാരയും വെള്ളവും. അതെല്ലാം കൃത്യമായ അളവിൽ ഒന്ന് കൊടുത്തുനോക്കു. നാളെയുടെ വാഗ്ദാനങ്ങൾ നെഞ്ചുവിരിച്ചു നിൽക്കുന്നത് നമുക്ക് കാണാം. 

4 comments:

Powered by Blogger.